ബാഴ്സലോണക്ക് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ ഗ്രനഡയ്ക്ക് എതിരെ ഗംഭീര വിജയം. തുടക്കത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ബാഴ്സലോണ തിരിച്ചടിച്ചത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ ഗ്രീസ്മനാണ് ബാഴ്സലോണയ്ക്ക് വിജയം നൽകിയത്. ഗ്രീസ്മന്റെ ബാഴ്സലോണ ജേഴ്സിയിലെ ഏറ്റവും മികച്ച മത്സരവും ഇതായിരിക്കണം. 33ആം മിനുട്ടിൽ കെനഡിയുടെയും 47ആം മിനുട്ടിൽ സൊൽഡാഡോയുടെയും ഗോളിൽ ആയിരുന്നു ഗ്രാൻഡ ലീഡ് എടുത്തത്. ബാഴ്സലോണ പക്ഷെ ആ ഗോളുകളിൽ പതറിയില്ല.
പൊരുതിയ ബാഴ്സലോണ 87ആം മിനുട്ട് വരെ രണ്ട് ഗോളിന് പിറകിലായിരുന്നു. പക്ഷെ 88ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് ഗ്രീസ്മൻ തിരിച്ചുവരവ് ആരംഭിച്ചു. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഗ്രീസ്മന്റെ പാസിൽ നിന്ന് ആൽബ ബാഴ്സലോണക്ക് ശ്വാസം തിരികെ നൽകിയ സമനില ഗോളും നേടി.
പിന്നീട് കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. നൂറാം മിനുട്ടിൽ വീണ്ടും ഗ്രീസ്മൻ ആൽബ സഖ്യം ഒത്തുചേർന്നു. ഇത്തവണ ആൽബയുടെ പാസിൽ നിന്ന് ഗ്രീസ്മൻ ഗോൾ. ബാഴ്സലോണ ആദ്യമായി ലീഡിൽ. പക്ഷെ ആ ലീഡ് നീണ്ടു നിന്നില്ല. 103ആം മിനുട്ടിൽ ഒരു പെനാൾട്ടി ഗ്രനഡയെ സമനിലയിൽ എത്തിച്ചു. ഫെഡെ ആയിരുന്നു പെനാൾട്ടി സ്കോർ ചെയ്തത്. സ്കോർ 3-3. 108ആം മിനുട്ടിൽ ഡിയോങും 113ആം മിനുട്ടിൽ ആൽബയും ഗോൾ നേടിയതോടെ അവസാനം ബാഴ്സലോണ വിജയം ഉറപ്പിച്ചു. ആൽബയുടെ രണ്ടാം ഗോളും ഒരുക്കിയത് ഗ്രീസ്മനായിരുന്നു.