ഗുഡ്ബൈ ഷെഫ്

febinthomas

Download the Fanport app now!
Appstore Badge
Google Play Badge 1

96 റൺസ് നേടി തൻ്റെ അവസാന ടെസ്റ്റ് ഇന്നിംഗ്സ് ബാറ്റ് ചെയ്യുകയാണ് അലിസ്റ്റയർ കുക്ക്. ഒരു ഫോറോ സിക്സോ അടിച്ചു സെഞ്ച്വറി തികച്ചാൽ അത് സ്പെഷ്യൽ ആവും എന്ന ചിന്ത പലർക്കും വന്നിട്ടുണ്ടാവും. പക്ഷെ വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന് പ്രാധാന്യം നൽകുന്ന കുക്ക് ബാറ്റ് ചലിപ്പിച്ചത് തനിക്ക് എങ്ങനെയെങ്കിലും സെഞ്ച്വറി നേടണം എന്ന് കരുതിയല്ല. ടീമിന് വിജയസാധ്യത ഉറപ്പ് വരുത്താൻ വേണ്ടി ക്യാപ്റ്റൻ അപ്പുറത്ത് പ്രയത്നിക്കുമ്പോൾ അങ്ങനെ ഉത്തരവാദിത്തരഹിതമായി കളിയ്ക്കാൻ കുക്കിന് കഴിയില്ല. പോയിന്റ്റിലേക്ക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ നോക്കുകയായിരുന്നു കുക്ക്. പക്ഷെ പന്ത് ഫീൽഡ് ചെയ്ത ബുമ്രയ്ക്ക് പിഴച്ചു. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ കുക്കിനെ ഡയറക്റ്റ് ത്രോ എറിഞ്ഞ് റൺ ഔട്ട് ആക്കാൻ ശ്രമിച്ചതാണ്. പക്ഷെ ത്രോ മോശം ആയി, ബാക്ക്-അപ്പ് ചെയ്യാൻ ആളും ഇല്ലായിരുന്നു. അങ്ങനെ ഫോറോ സിക്സോ നേടിയല്ല, 5 റൺസ് നേടി കുക്ക് സെഞ്ച്വറി പൂർത്തീകരിച്ചു, തൻ്റെ 33ആമത് സെഞ്ച്വറി.

അരങ്ങേറ്റ ടെസ്റ്റിലും അവസാന ടെസ്റ്റിലും ആദ്യ ഇന്നിങ്സിൽ അർദ്ധ ശതകവും, രണ്ടാം ഇന്നിങ്സിൽ ശതകവും. ആദ്യ-അവസാന ടെസ്റ്റ് മത്സരങ്ങളിലെ നാല്‌ ഇന്നിങ്സിലും അർധശതകമോ അതിൽ അധികമോ നേടിയവർ വെറും രണ്ടു പേരാണ്. [സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ബ്രൂസ് മിച്ചലും, ഇപ്പോൾ കുക്കും]. ഇതിനു പുറമെ ടെസ്റ്റിൽ എക്കാലത്തെയും മികച്ച റൺസ് വേട്ടക്കാരുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനവും. ഇടംകയ്യന്മാരെ എടുത്താൽ സംഗക്കാരയെ മറികടന്നു ഒന്നാം സ്ഥാനവും. ടെസ്റ്റിൽ പതിനായിരത്തിലധികം റൺസ് നേടിയ ഒരേയൊരു ഓപ്പണിങ് ബാറ്റ്സ്മാനെ ഉള്ളൂ. 150ലധികം ടെസ്റ്റുകളിൽ ഓപ്പണിങ് ഇറങ്ങിയ മറ്റൊരു ബാറ്റ്സ്മാനും ഇല്ല. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടിയതും കുക്ക് തന്നെ.

അരങ്ങേറ്റവും അവസാന മത്സരവും ഇന്ത്യയോട് ആയിരുന്നു, ആദ്യം നാഗ്പൂരിലും, ഇപ്പോൾ ഓവലിലും. അന്ന് ഒരു പുതുമുഖത്തിന് സബ് കോണ്ടിനെൻറ്റിലെ കഠിനവെല്ലുവിളി നേരിടേണ്ട വന്നെങ്കിലും, അത് വിജയകരമായി മറികടക്കുവാൻ കുക്കിന് കഴിഞ്ഞു. പിന്നെ പടിപടിയായി ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ മുഖമുദ്രയായി മാറുകയായിരുന്നു കുക്ക്. ടെസ്റ്റിൽ ഇത്ര വിജയകരമായ കരിയർ പടുത്തുയർത്താൻ കഴിഞ്ഞെങ്കിലും ഏകദിനത്തിലും T20Iയിലും അതിന് കഴിഞ്ഞില്ല.

കാഴ്ചയിൽ പരുക്കൻ ആയിരുന്ന കുക്ക്, പക്ഷെ ശരിക്കും നാണം കുണുങ്ങി ആയിരുന്നു. അവസാന ഇന്നിങ്സിലെ സെഞ്ച്വറി നേടി കഴിഞ്ഞിട്ട് എല്ലാവരും കയ്യടിക്കുന്നതും മറ്റുമൊക്കെ കണ്ടിട്ട് നാണം കുണുങ്ങി നിൽക്കുകയായിരുന്നു കക്ഷി. ശ്രദ്ധ കിട്ടാൻ ആഗ്രഹിക്കാതിരുന്ന ആളെന്ന് തന്നെ പറയാം.

ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം ഇന്നിങ്‌സുകളിൽ ഏറ്റവും കൂടുതൽ ശതകങ്ങൾ നേടിയത് കുക്കാണ്, 13 എണ്ണം. ടെസ്റ്റിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന മൂന്നാം ഇന്നിംഗ്സ്! ബാറ്റിംഗ് ശരാശരി മാത്രം നോക്കി വിലയിരുത്തി എങ്കിൽ ടെസ്റ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ വരില്ല കുക്ക്. പക്ഷെ 160+ ടെസ്റ്റുകൾ എന്നത് വലിയൊരു സാമ്പിൾ സ്പേസ് ആണ്. ഇത്രയും ദീർഘകാലം കളിക്കണമെങ്കിൽ ക്വാളിറ്റി ഇല്ലെങ്കിൽ സാധിക്കില്ലായിരുന്നു. ക്ഷമയുടെയും ശ്രദ്ധയുടെയും പര്യായം തന്നെയായിരുന്നു കുക്ക്. അല്ലെങ്കിൽ വാലി ഹാമണ്ട്, ഡേവിഡ് ഗവെർ, ലെൻ ഹട്ടൻ, ജാക്ക് ഹോബ്സ്, എന്നീ പേരുകളുടെ ഒപ്പം എങ്ങനെ ചേർത്ത് നിർത്തും?

പക്ഷെ വളരെ സ്പെഷ്യൽ ആയ കരിയറിലെ ഒരു കറുത്ത പാട് ആയിരുന്നു കെവിൻ പീറ്റേഴ്സൺ സാഗ. ക്യാപ്റ്റൻ ആയിരുന്ന സമയത്ത് പീറ്റേഴ്‌സണോട് ചെയ്തതിൽ താൻ ഖേദിക്കുന്നു എന്നാണു കുക്ക് പിന്നീട് പറഞ്ഞത്. ഒരുപക്ഷെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും, ആൻഡ്രൂ സ്ട്രോസും ഒക്കെ ചേർന്ന് കുക്കിനെ ആ തീരുമാനത്തിലേക്ക് തള്ളിവിട്ടത് ആവാം.

മറു വശത്ത് നിരവധി കളിക്കാരാണ് കുക്കിന് ഓപ്പണിങ് പങ്കാളിയായി ഈ 12 വർഷങ്ങളിൽ വന്നത്. അവരിൽ ഭൂരിഭാഗവും പച്ച തൊട്ടില്ല. പക്ഷെ ഇംഗ്ലണ്ടിന് അതുകൊണ്ട് വലിയ കോട്ടം ഒന്നും തട്ടാത്ത രീതിയിൽ മുന്നേറാൻ കഴിഞ്ഞത് കുക്ക് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. അതാകും ഇംഗ്ലണ്ട് ഏറ്റവും അധികം നഷ്ടബോധത്തോടെ നോക്കാൻ പോകുന്നത്. ഇംഗ്ലണ്ട് ജയിച്ച മത്സരങ്ങളിൽ 54 ആണ് കുക്കിന്റെ ബാറ്റിംഗ് ശരാശരി, സമനില ആയ മത്സരങ്ങളിൽ അത് 59ഉം. തോറ്റ കളികളിൽ 29. കുക്ക് കളിച്ച മത്സരങ്ങളിലെ ഇംഗ്ലണ്ടിന് ജയപരാജയ അനുപാതം 1.2. ഇംഗ്ലണ്ടിന് കുക്ക് എത്ര പ്രധാനപ്പെട്ട കളിക്കാരൻ ആയിരുന്നു എന്നതിന് എന്താണ് ഇതില്പരം തെളിവ് വേണ്ടത്?

പുതുമുഖങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിന്റെ കഠിനപാഠം മനസിലാക്കിക്കാൻ എന്നവണ്ണം ക്യാപ്റ്റന്മാർ കാലാകാലങ്ങൾ ആയി തുടർന്ന് വരുന്ന ഒരു പതിവുണ്ട്. ഷോർട് ലെഗ്, സില്ലി പോയിൻറ്റ് പോലെ വളരെ അടുത്തുള്ള പൊസിഷനുകളിൽ ഫീൽഡിങ്ങിന് നിർത്തുക എന്നത്. തൻ്റെ അവസാന ടെസ്റ്റിലും അങ്ങനെ നിൽക്കുന്ന കുക്കിനെ കാണാൻ സാധിച്ചു. ഒരു കമ്പ്ലീറ്റ് ടീം പ്ലേയർ.

ഒരു ഘട്ടത്തിൽ സച്ചിന്റെ റെക്കോർഡുകൾ വരെ മറികടന്നേക്കും എന്ന് തോന്നൽ ഉളവാക്കിയ താരമാണ് കുക്ക്. എത്രയെത്ര വിലപ്പെട്ട ഇന്നിങ്‌സുകൾ ആണ് അദ്ദേഹം കളിച്ചിട്ടുള്ളത്. തിരശീലയ്ക്ക് പിന്നിലേക്ക് മടങ്ങുന്ന ഈ വേളയിൽ അവസാന ടെസ്റ്റിൽ നേടിയ മികച്ച സ്‌കോറുകൾ അദ്ദേഹത്തിന്റെ മനസ് മാറ്റുമോ എന്ന് നോക്കുകയാണ് ക്രിക്കറ്റ് ലോകം. പക്ഷെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല എങ്കിൽ ഇങ്ങനൊരു ഇന്നിംഗ്സ് വരുമായിരുന്നോ?