കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗില്‍, ബി ഗ്രൂപ്പില്‍ നിന്ന് സെമിഫൈനല്‍ പ്രവേശനം നേടുന്ന ആദ്യ ടീമായി കേരള യുണൈറ്റഡ് എഫ്‌സി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടന്ന അവസാന റൗണ്ട് മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത്, രാജകീയമായാണ് യുണൈറ്റഡിന്റെ സെമിപ്രവേശം. ആദ്യപകുകിയില്‍ മൂന്നും, രണ്ടാം പകുതിയില്‍ നാലും ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഫ്രാന്‍സിസ് ഡാഡ്‌സെ (3), ആദര്‍ശ് മട്ടുമ്മല്‍ (45+2), ബുജൈര്‍ വലിയാട്ട് (53) ഹൃഷിദത്ത് (68), അലോഷ്യസ്.എം (73), മുഹമ്മദ് ജിന്‍ഷാദ്.കെ (90) എന്നിവര്‍ കേരള യുണൈറ്റഡിനായി എതിര്‍വല കുലുക്കി. രാകേഷ് കെ.എസിന്റെ ബൂട്ടില്‍ നിന്നാണ് ഗോള്‍ഡന്‍ ത്രെഡ്‌സിന്റെ ഏക ഗോള്‍. ആദര്‍ശ് മട്ടുമ്മലാണ് കളിയിലെ താരം.
അഞ്ചു മത്സരങ്ങളില്‍ നാലിലും ജയിച്ച കേരള യുണൈറ്റഡ്, കെഎസ്ഇബിയോട് മാത്രമാണ് തോറ്റത്. 12 പോയിന്റോടെ ടീം ബി ഗ്രൂപ്പില്‍ ഒന്നാമന്മാരായി. 19ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യസെമിയില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ് യുണൈറ്റഡിന്റെ എതിരാളികള്‍. 17ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കെഎസ്ഇബി, കേരള ബ്ലാസ്‌റ്റേഴ്‌സിനെ എട്ടുഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ നിലവില്‍ 9 പോയിന്റുള്ള കെഎസ്ഇബിക്ക് ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ കഴിയുകയുള്ളു. അഞ്ചു മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഗോള്‍ഡന്‍ ത്രെഡ്‌സിന് ആകെ ഒരു മത്സരം മാത്രമാണ് ലീഗില്‍ ജയിക്കാനായത്.
സെമി ഫൈനല്‍ ലക്ഷ്യമിട്ട് ആദ്യ മിനിറ്റുകളില്‍ തന്നെ ആക്രമണം തുടങ്ങിയ കേരള യുണൈറ്റഡ് മൂന്നാം മിനുറ്റില്‍ ലീഡെടുത്തു. വലത് വിങിലൂടെയുള്ള നീക്കമാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. നിധിന്‍ കൃഷ്ണ നല്‍കിയ മനോഹരമായൊരു ക്രോസില്‍ ഫ്രാന്‍സിസ് ഡാഡ്‌സേ തല വച്ചു. ബുളളറ്റ് ഹെഡര്‍ കൃത്യം ഗോള്‍ഡന്റെ വലയില്‍ പതിച്ചു, (0-1). കഴിഞ്ഞ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ഘാനയില്‍ നിന്നുള്ള താരത്തിന്റെ ലീഗിലെ മൂന്നാം ഗോള്‍ നേട്ടമായിരുന്നു ഇത്. ബോക്‌സിന് തൊട്ട്പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് ലീഡുയര്‍ത്താനുള്ള യുണൈറ്റഡിന്റെ മോഹത്തിന് ത്രെഡ്‌സ് ഗോളി സി.എം മനോബിന്‍ വിലങ്ങുതടിയായി. സമനിലക്കായി ഗോള്‍ഡന്‍ ത്രെഡ്‌സും ചില നീക്കങ്ങള്‍ നടത്തി.
32ാം മിനുറ്റിലെ കോര്‍ണര്‍ കിക്കില്‍ നിന്ന് സുന്ദരമായൊരു നീക്കത്തിലൂടെ ടീം ലക്ഷ്യം കണ്ടു. നിതിന്‍ മധുവിന്റെ കോര്‍ണര്‍ കിക്ക് വലയ്ക്ക് മുന്നിലായെത്തി, ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാന്‍ യുണൈറ്റഡ് താരത്തിന്റെ വിഫല ശ്രമം. പന്ത് ബോക്‌സിന് പുറത്ത് വീണു. ബോക്‌സിന്റെ വലത് മൂലയില്‍ ഊഴം കാത്തുനിന്ന രാകേഷ് കെ.എസ് രണ്ടാം ടച്ചിന് ശേഷം ഇടങ്കാലന്‍ ഷോട്ടുതിര്‍ത്തു. ഗോളിയെയും പ്രതിരോധ താരങ്ങളെയും കാഴ്ച്ചക്കാരാക്കി പന്ത് വലയുടെ ഇടത് മൂലയില്‍ പതിച്ചു, ലീഗിലെ മനോഹരമായൊരു ഗോളിലൂടെ ത്രെഡ്‌സ് ഒപ്പമെത്തി, (1-1). ഗോള്‍ വഴങ്ങിയതോടെ യുണൈറ്റഡ് ആക്രമണം കടുപ്പിച്ചു. മറുഭാഗത്ത് ത്രെഡ്‌സും മുന്നേറാന്‍ കോപ്പുകൂട്ടി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന് അവസരം തുറന്നു. ത്രെഡ്‌സിന്റെ പകുതിയില്‍ നിന്ന് വലത് വിങിലേക്ക് മുഹമ്മദ് ജിന്‍ഷാദിന്റെ ക്രോസ്. ബോക്‌സിനകത്ത് നിന്ന് മൗസൂഫ് നൈസാന്‍ സമാന്തരമായി നല്‍കിയ പന്തിലേക്ക് ജിന്‍ഷാദ് ഓടിയെത്തിയെങ്കിലും തൊട്ടുപിറകില്‍ നിന്ന ആദര്‍ശിനായി പന്തൊഴിഞ്ഞു. പിഴവുകളൊന്നുമില്ലാതെ ആദര്‍ശ് മട്ടുമ്മലിന്റെ ഫിനിഷിങ്, യുണൈറ്റഡ് വീണ്ടും മുന്നില്‍ (1-2).
രണ്ടാം പകുതിയില്‍ യുണൈറ്റഡ് സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചു. മൗസൂഫ് നൈസാന്റെ ഒരുഗോള്‍ ശ്രമം മനോബിന്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തിയതിന് പിന്നാലെ യുണൈറ്റഡ് വീണ്ടും ലീഡുയര്‍ത്തി. ഇടത് മൂലയില്‍ നിന്നുള്ള അര്‍ജുന്‍ ജയരാജിന്റെ കിക്കില്‍ വലയുടെ മുന്നിലായി നിന്ന മുഹമ്മദ് നൗഫല്‍ ഹെഡറിന് ശ്രമിച്ചെങ്കിലും വലത് പോസ്റ്റില്‍ തട്ടി. പുറത്തേക്കെത്തിയ പന്തിന്റെ വഴിയില്‍ ബുജൈര്‍ വലിയാട്ടുണ്ടായിരുന്നു. നെഞ്ച് കൊണ്ടൊരു തള്ളില്‍ ബുജൈര്‍ പന്തിന്റെ ഗതിമാറ്റി, അനായാസം പന്ത് വലയില്‍ വീണു, (1-3). ബുജൈറിന്റെ ബോക്‌സില്‍ നിന്നുള്ള ബാക്ക് പാസില്‍ നിന്നായിരുന്നു യുണൈറ്റഡിന്റെ അഞ്ചാം ഗോള്‍. ബോക്‌സിന് തൊട്ട്പുറത്ത് നിന്നുള്ള ഹൃഷിദത്തിന്റെ ശ്രമം തടയാന്‍ ഗോളിക്കായില്ല, (1-4). തൊട്ടുപിന്നാലെ ഗ്രൗണ്ട് ടച്ച് ഗോളിലൂടെ എം.അലോഷ്യസും (1-5), കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മുഹമ്മദ് ജിന്‍ഷാദും (1-6) കേരള യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.