ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് അവർ പഞ്ചാബ് എഫ് സിയെയും തോല്പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ന് ഗോകുലം വിജയിച്ചത്. ഗോകുലത്തിന്റെ ലീഗിലെ പരാജയം അറിയാത്ത 17ആം മത്സരമാണിത്.
ഇന്ന് 13ആം മിനുട്ടിൽ ബൗബമയുടെ ഗോളാണ് ഗോകുലത്തിന് ലീഡ് നൽകിയത്. കോർണറിൽ നിന്നായിരുന്നു ഡിഫൻഡറിന്റെ ഗോൾ. ആദ്യ പകുതി ഗോകുലം ഈ ഗോളിന്റെ ബലത്തിൽ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. ബൗബയുടെ ഒരു സെൽഫ് ഗോളിൽ 48ആം മിനുട്ടിൽ പഞ്ചാബ് സമനില കണ്ടെത്തി. പക്ഷെ അങ്ങനെ ഒരു ഗോളിൽ ഒന്നും പതറുന്ന ടീമല്ല ഇപ്പോഴത്തെ ഗോകുലം.
63ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ ലൂകയിലൂടെ ഗോകുലം വീണ്ടും ലീഡിൽ എത്തി. ഫ്ലച്ചർ ആയിരുന്നു ഗോൾ ഒരുക്കിയത്. ലൂകയുടെ ഈ സീസണിലെ 15ആം ഗോളായിരുന്നു ഇത്. 73ആം മിനുട്ടിൽ ഗോകുലത്തിന് അനുകൂലമായ ഒരു സെൽഫ് ഗോളിലൂടെ മൂന്നാം ഗോൾ നേടിക്കൊണ്ട് ഗോകുലം വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ഗോകുലം കേരള 12 മത്സരങ്ങളിൽ 30 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. മൊഹമ്മദൻസ് 26 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനി രണ്ടാം ഘട്ടത്തിൽ 6 മത്സരങ്ങൾ കൂടെ ഗോകുലം കളിക്കും. ഇന്ന് കൂടെ പരാജയപ്പെടാത്തതോടെ ഗോകുലം 17 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കി. ഇത് ഐ ലീഗിലെ റെക്കോർഡാണ്. 12 വർഷം മുമ്പ് ചർച്ചിൽ ബ്രദേഴ്സ് തീർത്ത 17 മത്സരങ്ങൾ അപരാജിതർ എന്ന റെക്കോർഡിനൊപ്പം ആണ് ഗോകുലം എത്തിയത്