ഗംഭീരം ഗോകുലം!! വനിതാ ലീഗിൽ ചാമ്പ്യന്മാരുടെ ഗോൾവല നിറച്ച് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിൽ ഇത്തവണ ഗോകുലം കേരള എഫ് സി കിരീടം നേടാൻ ഉറച്ചു തന്നെയാണ് വന്നത് എന്ന് വെറുതെ പറഞ്ഞതല്ല. ഗോകുലത്തിന്റെ കരുത്ത് എന്താണ് വനിതാ ലീഗിലെ ആദ്യ മത്സരത്തോടെ തന്നെ ഇന്ത്യൻ ഫുട്ബോളിന് മനസ്സിലായി കാണും. ഇന്ന് തങ്ങളുടെ ഗ്രൂപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഗോകുലം നിലവിലെ ലീഗ് ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്സിന്റെ ഗോൾ വല നിറച്ചാണ് കളി അവസാനിപ്പിച്ചത്.

ലുധിയാനയിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഗോകുലത്തിന്റെ ആധിപത്യമായിരുന്നു. റൈസിംഗ് സ്റ്റുഡന്റ്സിന്റെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. 18കാരിയായ മനീഷയുടെ ഹാട്രിക്കാണ് റൈസിംഗിന്റെ കഥ കഴിച്ചത്. പ്രിയ പരിശീലിപ്പിക്കുന്ന ഗോകുലത്തിന്റെ താരങ്ങളോട് മുട്ടി നിൽക്കാൻ വരെ റൈസിംഗിനായില്ല. മത്സരം തുടങ്ങി 12ആം മിനുട്ടിൽ തന്നെ ഗോകുലം കേരള എഫ് സി മുന്നിൽ എത്തിയിരുന്നു. ഇന്ത്യൻ താരം സഞ്ജു ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ നേടുയത്. മനീഷയുടെ പാസിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഗോൾ.

ആദ്യ ഗോൾ ഒരുക്കിയ മനീഷ താമസിയാതെ കളിയിലെ രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. അഞ്ജു തമാംഗിന്റെ മൂന്നാം ഗോൾ കൂടി ആയപ്പോൾ ഗോകുലം കേരള എഫ് സി ആദ്യ പകുതിക്ക് മുമ്പ് തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. രഞ്ജന ആയിരുന്നു അഞ്ജു തമാംഗിന്റെ ഗോൾ അസിസ്റ്റ് ചെയ്തത്.

രണ്ടാം പകുതിയിൽ മനീഷ തന്റെ ഗോൾ വേട്ട തുടർന്നു. 72ആം മിനുട്ടിലും 78ആം മിനുട്ടിലും വല കുലുക്കിയ മനീഷ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മനീഷ തന്നെയാണ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും. മെയ് ഏഴാം തീയതി അളക്പുരയ്ക്ക് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.