ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ ഗോകുലം കേരള ഇന്ന് കെ എസ് ഇ ബിയെ കീഴ്പ്പെടുത്തി കൊണ്ട് കേരളത്തിന്റെ ചാമ്പ്യന്മാരും ആയിരിക്കുകയാണ്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ എസ് ഇ ബിയെ തോൽപ്പിച്ച് കൊണ്ടാണ് കെ പി എൽ കിരീടം ഗോകുലം കേരള ഇന്ന് ഉയർത്തിയത്.
ഇന്ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും പതിയെ ആണ് തുടങ്ങിയത്. ആദ്യ പകുതിയിൽ രണ്ട് ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. കളി 0-0 എന്ന നിലയിൽ ആദ്യ പകുതി പിരിഞ്ഞു. രണ്ടാം പകുതി കെ എസ് ഇ ബി ആണ് ശക്തമായ രീതിയിൽ ആരംഭിച്ചത്. വിഗ്നേഷിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു അവസരം ലഭിച്ചു എങ്കിലും വിഗ്നേഷിന്റെ ഷോട്ട് ടാർഗറ്റിൽ എത്തിയില്ല.
ആ അവസരം നഷ്ടപ്പെടുത്തിയതിന് മിനുട്ടുകൾക്ക് അകം തന്നെ വിഗ്നേഷ് പ്രായശ്ചിത്തം ചെയ്തു. 54ആം മിനുട്ടിൽ ആയിരുന്നു വിഗ്നേഷിന്റെ ഗോൾ. ഈ ഗോളിനു ശേഷവും കെ എസ് ഇ ബി തന്നെ അറ്റാക്കുകൾ നടത്തി. കളി അനുകൂലമായി മാറാത്തതോടെ ഗോകുലം കേരള മാറ്റങ്ങൾ നടത്തി. സബ്ബായി എത്തിയ നിംഷാദ് റോഷൻ ഗോകുലം കേരളയുടെ രക്ഷകനായി. 80ആം മിനുട്ടിൽ റോഷൻ തൊടുത്ത ലോങ് റേഞ്ചർ വലയിൽ എത്തി.
മത്സരം 1-1 എന്ന നിലയിൽ 90 മിനുട്ടിലും തുടർന്നതോടെ കളി എക്സ്ട്ര ടൈമിലേക്ക് നീങ്ങി. ഏഴര മിനുട്ട് വീതമുള്ള രണ്ട് ഹാഫുകളായാണ് എക്സ്ട്രാ ടൈം നടന്നത്. എക്സ്ട്ര ടൈമിന്റെ ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ ഗോകുലം കേരളക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്ക് എടുത്ത ദീപകിന്റെ ഷോട്ട് കെ എസ് ഇ ബി ഗോൾകീപ്പർ ഷൈൻ തട്ടിയകറ്റി എങ്കിലും ഗണേഷ് റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ച് ഗോകുലം കേരളക്ക് ലീഡ് നൽകി.
ആദ്യ പകുതിയിൽ തന്നെ സാലിയൊയിലൂടെ ലീഡ് ഉയർത്താൻ ഗോകുലം കേരളക്ക് അവസരം ലഭിച്ചു എങ്കിലും ഷൈൻ ഉഗ്രൻ സേവിലൂടെ കെ എസ് ഇ ബിയുടെ പ്രതീക്ഷ കാത്തു. കേരള പ്രീമിയർ ലീഗിൽ ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങാലും വിജയിച്ചാണ് ഗോകുലം കേരള കിരീടം നേടിയത്. ഇത് ഗോകുലം കേരളയുടെ രണ്ടാം കെ പി എൽ കിരീടം കൂടിയാണ്. ഏറ്റവും കൂടുതൽ കെ പി എൽ കിരീടം നേടിയ എസ് ബി ടിയുടെ റെക്കോർഡിനൊപ്പം ഇതോടെ ഗോകുലം കേരള എത്തി.