ഗോകുലം കേരളയുടെ താരം മനീഷ കല്യാൺ വിദേശ ക്ലബിലേക്ക്. സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിനായാകും ഇനി മനീഷ കളിക്കുക. മനീഷ അപ്പോളോൺ ലേഡീസിൽ രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബാണ് അപ്പോളോൺ. വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ ഈ നീക്കത്തോടെ മാറും.
അവസാന മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. ഇരുപതുകാരിയായ താരം കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകൾ നേടിയിരുന്നു. ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടം മനീഷ നേടിയിട്ടുണ്ട്. എ എഫ് സി കപ്പിലും ഗോകുലത്തിനായി മനീഷ കളിച്ചു. മനീഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രധാന താരമായിരുന്നു. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ അടിച്ചിട്ടുണ്ട്. മുമ്പ് സേതു എഫ് സിയിലും മനീഷ കളിച്ചിട്ടുണ്ട്.