ഗോകുലം കേരളക്ക് ഐ ലീഗിൽ വീണ്ടും തോൽവി. ഏകപക്ഷീയമായ ഒരു ഗോളിന് നെറോക എഫ്.സിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഗോകുലം ഗോൾ കീപ്പർ ബിലാൽ ഖാൻ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. തോൽവിയോടെ ഗോകുലം ഐ ലീഗിൽ അവസാന സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ നെറോക ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.
തുടക്കം മുതൽ മികച്ച മുന്നേറ്റമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. കളി തുടങ്ങി 10 മിനിറ്റ് ആവുമ്പോഴേക്കും ഗോകുലം കേരള താരം ലാൽഡംപുയ പരിക്കേറ്റ് പുറത്ത്പോയത് ഗോകുലത്തിനു തിരിച്ചടിയായി. തുടർന്ന് അൽ അജ്മിയുടെ ഷോട്ട് ബാറിൽ തട്ടി തെറിക്കുകയും ചെയ്തു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഗൗരമങ്ങി സിംഗിന്റെ ഹെഡർ കൈപിടിയിലൊതുക്കുന്നതിൽ വീഴ്ച്ച വരുത്തിയ ഗോകുലം കേരള ഗോൾ കീപ്പർ ബിലാൽ ഖാന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. ഗോൾ പോസ്റ്റിനു തൊട്ടടുത്ത് നിന്ന് പന്ത് ലഭിച്ച കിട്ടമ്പ കല്ലോൻ ഒരു പിഴവും കൂടാതെ ഗോളകുകയായിരുന്നു.
രണ്ടാം പകുതിയിലും മികച്ച ആക്രമണം കാഴ്ചവെച്ച ഗോകുലം ഹെൻറിയിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും നെറോക ഗോൾ കീപ്പർ അവരുടെ രക്ഷക്കെത്തുകയായിരുന്നു. അൽ അജ്മിയുടെ ഫ്രീ കിക്ക് ശ്രമം രണ്ടാം തവണയും പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തതോടെ ഗോകുലം പരാജയം സമ്മതിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial