രാംകോ കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള റിസേവ്ർസിന് ഗംഭീര വിജയവുമായി തുടക്കം. ഇന്ന് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. തീർത്തും ആധികാരികമായിരുന്നു ഗോകുലം കേരളയുടെ വിജയം. ഡിഫൻസിൽ സാറ്റ് തിരൂർ വലിയ പിഴവുകൾ നടത്തിയത് ഗോകുലം കേരളയുടെ വിജയം എളുപ്പമാക്കി.
ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ ആയിരുന്നു ഗോകുലം കേരളയുടെ ആദ്യ ഗോൾ. സാറ്റ് തിരൂരിന്റെ ചെറിയ അബദ്ഷം മുതലെടുത്ത് അഭിജിത്ത് ആണ് ഗോകുലം കേരളക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് രണ്ടാം ഗോൾ വന്നത്. സാറ്റ് ഗോൾ കീപ്പറുടെ വലിയ പിഴവായിരുന്നു അത്. എളുപ്പത്തിൽ കൈക്കലാക്കാമായിരുന്ന പന്ത് സാറ്റ് ഗോൾ കീപ്പർ വിട്ടു കളഞ്ഞു. അത് മുതലെടുത്ത് ഗണേഷൻ ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി.
മത്സരത്തിന്റെ 71ആം മിനുട്ടിൽ ഒരു ഓഫ്സൈഡ് ട്രാപ്പ് വെട്ടിച്ച് സാലിയൊ ഗോകുലം കേരളയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. അവസാനം ഒരു ആശ്വാസം ഗോൾ നേടാൻ പെനാൾട്ടിയിലൂടെ സാറ്റിന് അവസരം ലഭിച്ചു. പക്ഷെ പെനാൾട്ടി ഗോകുലം കേരള ഗോൾകീപ്പർ സത്യജിത് തട്ടിയകറ്റി. പെനാൾട്ടി അല്ലാതെ തന്നെ നിരവധി മികച്ച സേവുകൾ സത്യജിത് ഇന്ന് നടത്തി.