ഐ ലീഗിൽ കേരളത്തിന്റെ ഏക ക്ലബായ ഗോകുലം കേരള എഫ് സി പുതിയ സീസണായി ഒരുങ്ങുകയാണ്. ഇത്തവണ വിപ്ലവകരമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ് കേരളത്തിന്റെ ക്ലബ്. വനിതാ ഫുട്ബോൾ പ്രേമികൾക്ക് മത്സരം കാണാൻ സൗജന്യമായി അവസരം ഒരുക്കാൻ ക്ലബ് തീരുമാനിച്ചു. ഗോകുലം കേരള എഫ് സിയുടെ ഒരു ഹോം മത്സരത്തിനു സ്ത്രീകൾക്ക് ടിക്കറ്റ് ആവശ്യമില്ല എന്നാണ് തീരുമാനം.
വനിതകളെ കൂടുതൽ ഫുട്ബോൾ രംഗത്തേക്ക് ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കും. ഗ്യാലറിയിലെ ഏതു സ്റ്റാൻഡികും സ്ത്രീകൾക്ക് ഇത്തവണ ടിക്കറ്റില്ലാതെ പ്രവേശിക്കാം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലാണ് ഗോകുലം കേരള എഫ് സിയുടെ ഹോം മത്സരങ്ങൾ നടക്കുന്നത്. നവംബർ 30നാണ് ഗോകുലം കേരള എഫ് സിയുടെ ലീഗിലെ ആദ്യ മത്സരം. ഡ്യൂറണ്ട് കപ്പ് കിരീടവും ഷെയ്ക് കമാൽ കപ്പിലെ മികച്ച പ്രകടനവും ഒക്കെയായി മികച്ച പ്രതീക്ഷയോടെയാണ് ഗോകുലം കേരള എഫ് സി ഇത്തവണ ഐ ലീഗിന് ഇറങ്ങുന്നത്.