ഇന്നത്തെ ദിവസം കേരള ഫുട്ബോളിനെ സംബന്ധിച്ചെടുത്തോളം ഒരു ചരിത്ര ദിവസമായി മാറിയേക്കാം. ഇന്ന് വിജയിച്ചാൽ ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ക്ലബായി മാറു. സീസണിലെ അവസാന മത്സരത്തിൽ ട്രാവുവിനെ ആണ് ഗോകുലം കേരള ഇന്ന് നേരിടുന്നത്.
ഒരു മത്സരം മാത്രം ബാക്കി നിൽക്കെ മൂന്ന് ടീമുകൾക്ക് ഒരേ പോയിന്റിൽ നിൽക്കുന്ന അവസ്ഥയിലാണ് ലീഗ് ഉള്ളത്. ഗോകുലം കേരള എഫ് സി, ട്രാവു, ചർച്ചിൽ ബ്രദേഴ്സ് എന്നീ ടീമുകൾക്ക് ആണ് ഇപ്പോൾ കിരീട പ്രതീക്ഷയിൽ ഉള്ളത്.
മൂന്ന് ടീമുകൾക്കും 26 പോയിന്റ് വീതമാണ് ഉള്ളത്. രണ്ട് ടീമുകൾക്ക് എതിരെയും മികച്ച ഹെഡ് ടു ഹെഡ് റെക്കോർഡ് ഉള്ളത് കൊണ്ട് ഗോകുലം കേരള ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ളത്. ഇന്ന് ട്രാവുവിനെതിരെ വിജയിച്ചാൽ ഗോകുലം കേരളക്ക് കിരീടം ഉറപ്പാണ്. ചർച്ചിലും പഞ്ചാബ് എഫ് സിയും തമ്മിലുള്ള മത്സരത്തിലെ ഫലം എന്തായാലും ഗോകുലം മൂന്ന് പോയിന്റ് നേടുക ആണെങ്കിൽ കിരീടം ഗോകുലം കേരളക്ക് തന്നെ ലഭിക്കും.
ഗോകുലം കേരള ട്രാവു മത്സരം സമനിലയിൽ ആവുകയും ചർച്ചിൽ ബ്രദേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ ചർച്ചിൽ വിജയിക്കാതിരിക്കുകയും ചെയ്താലും കപ്പ് കേരളത്തിലേക്ക് തന്നെ വരും. ഗോകുലം കേരളയെ ട്രാവു തോൽപ്പിക്കുക ആണെങ്കിൽ കിരീടം ട്രാവുവിന് സ്വന്തമാകും. മറ്റൊരു ഫലം കൊണ്ടും ട്രാവുവിന് കിരീടം ലഭിക്കില്ല. ചർച്ചിലിന് കിരീടം ലഭിക്കണം എങ്കിൽ അവർ അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിക്കുകയും ഒപ്പം ട്രാവു ഗോകുലം കേരള പോരാട്ടം സമനിലയിൽ ആവുകയും വേണം. എന്തായാലും കിരീട പോരാട്ടം ഫോട്ടോഫിനിഷായി മാറും എന്നതിൽ സംശയമില്ല. ഇന്ന് വൈകിക്ക് 5 മണിക്കാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുന്നത്. മത്സരം തത്സമയം ഫേസ്ബുക്കിലും യൂടൂബിലും കാണാം.