ഗോകുലം കേരള എഫ്വ്സിയുടെ പരിശീലകനായി ആരാധകരുടെ പ്രിയ കോച്ച് ബിനോ ജോർജ്ജ് തിരിച്ചെത്തി. സ്പാനിഷ് പരിശീലകനായ ഫെർണാണ്ടോ വരേലയെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. ഇനി വരുന്ന പുതിയ സീസണിൽ ബിനോ ജോർജ്ജ് തന്നെയാകും ഗോകുലത്തെ നയിക്കുക. കഴിഞ്ഞ സീസണിൽ ഗോകുലം കേരളയെ ജയന്റ് കില്ലേഴ്സ് ആക്കി മാറ്റിയത് ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾ ആയിരുന്നു.
ബിനോ ജോർജ്ജിന് പകരം എത്തിയ പരിശീലകൻ പ്രീസീസണിലും മറ്റും ക്ലബ് മാനേജ്മെന്റിനെ തൃപ്തിപ്പെടുത്തിയില്ല എന്നതാണ് കോച്ചിന്റെ സ്ഥാനം തെറിക്കാൻ കാരണം. കഴിഞ്ഞ സീസണിൽ പരിചയസമ്പത്ത് ഇല്ലാത്ത ഒരുപറ്റൻ താരങ്ങളെ വെച്ച് ലീഗിൽ ഏഴാം സ്ഥാനം സ്വന്തമാക്കാൻ ബിനോയുടെ കീഴിൽ ഗോകുലത്തിന് ആയിരുന്നു. മിനേർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങിയ ലീഗിലെ വമ്പന്മാരെയെല്ലാം ഗോകുലം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസൺ നിർത്തിയ സ്ഥലത്തു നിന്ന് ബിനോ ജോർജ്ജ് ഇത്തവണ തുടങ്ങു എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച സ്ക്വാഡാണ് ഇത്തവണ ഗോകുലത്തിന് ഉള്ളത്. കഴിഞ്ഞ തവണ അർജുൻ ജയരാജിനെയും സൽമാനെയും പോലുള്ള യുവതാരങ്ങൾ ദേശീയ ശ്രദ്ധ നേടിയതുപോലെ പുതിയ മലയാളി പ്രതിഭകൾ ബിനോയുടെ കീഴിൽ ഉദയം ചെയ്യുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.