ആദ്യ ഹോം മത്സരത്തിൽ ഗോവ ഇന്ന് മുംബൈക്കെതിരെ

Staff Reporter

ഐ.എസ്.എല്ലിൽ ഇന്ന് ഗോവയിലെ ആദ്യ പോരാട്ടത്തിൽ എഫ്.സി ഗോവ മുംബൈ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിനെ അവരുടെ തട്ടകത്തിൽ 3-1ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഗോവ ഇന്നിറങ്ങുന്നത്. മുംബൈ സിറ്റിയാവട്ടെ മഹാ ഡെർബിയിൽ പൂനെ സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് മറികടന്നാണ് ഇന്നിറങ്ങുന്നത്.

ഇന്റർനാഷണൽ ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഇടവേളക്ക് ശേഷം ആദ്യമായാണ് ഗോവ ഇന്നിറങ്ങുന്നത്. 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയ ഗോവ തങ്ങളുടെ കുതിപ്പ് തുടരാനാവും മുംബൈക്കെതിരെ ഇറങ്ങുക. കഴിഞ്ഞ സീസണിലെ ഫോം ഈ വർഷവും തുടരുന്ന സ്‌ട്രൈക്കർ ഫെറാൻ കോറോമിനാസിലാണ് ഗോവയുടെ പ്രതീക്ഷ. കോറോമിനാസ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോൾ നേടുകയും ചെയ്തിരുന്നു.

അതെ സമയം കഴിഞ്ഞ ദിവസം ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദർസുമായി നടന്ന സൗഹൃദ മത്സരത്തിൽ ഗോവ പരാജയപ്പെടുകയും ലക്ഷ്മികാന്ത് കട്ടിമണിക്കും ബ്രണ്ടൻ ഫെർണാണ്ടസിനും പരിക്കേൽക്കുകയും ചെയ്തിരുന്നു.

മുംബൈ സിറ്റിയാവട്ടെ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മികച്ച ഫോമിലുള്ള ഗോവ ആക്രമണ നിരയെ പ്രതിരോധിക്കാൻ മുംബൈ സിറ്റി  പരിശീലകൻ ജോർജ് കോസ്റ്റയുടെ ടീം  പ്രകടനം പുറത്തെടുക്കേണ്ടി വരും.