യുവ താരം പൃഥ്വി ഷായെയും ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെയും താരതമ്യം ചെയ്യുന്നവരെ വിമര്‍ശിച്ച് വിരാട് കോഹ്‍ലി. രാജ്കോട്ടില്‍ ശതകം നേടി തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ താരത്തിനെ വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായാണ് താരതമ്യം ചെയ്യപ്പെടുവാന്‍ തുടങ്ങിയത്. എന്നാല്‍ വിരാട് കോഹ്‍ലി താരത്തെ സ്വതസിദ്ധമായ കളി പുറത്തെടുക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. താരത്തിനു ആവശ്യമായ സമയം അനുവദിച്ചു നല്‍കേണ്ട സമയത്ത് മുന്‍ താരങ്ങളുമായുള്ള താരതമ്യം അവസാനിപ്പിക്കണമെന്നും കോഹ്‍ലി പറഞ്ഞു.
പൃഥ്വി ഷാ മികച്ച ശേഷിയുള്ള താരമാണന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ആളുകള്‍ താരത്തെ സേവാഗിനോടും സച്ചിനോടും താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും വിരാട് അഭിപ്രായപ്പെട്ടു. പൃഥ്വിയെ പൃഥ്വിയായി തന്നെ വളരുവാനുള്ള സമയമാണ് നമ്മള്‍ അനുവദിക്കേണ്ടതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.