ഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽ മാലാഖയായ് തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോള്‍ഡന്‍ ഗ്ലോവ് ജേതാവ് പ്രഭ്‌സുഖന്‍ സിങ് ഗില്ലുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി, മെയ് 11, 2022: ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലിന്റെ കരാര്‍ നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗില്‍ ക്ലബ്ബില്‍ തുടരും.

2014ല്‍ ചണ്ഡീഗഢ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് 21കാരനായ ഗില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എഐഎഫ്എഫ് എലൈറ്റ് അക്കാദമിയില്‍ ചേര്‍ന്ന താരം, വൈകാതെ ഐലീഗില്‍ കളിക്കുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്പിങ് ടീമായ ഇന്ത്യന്‍ ആരോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയുള്ള സ്ഥിരതയാര്‍ന്ന പ്രകടനം, തൊട്ടടുത്ത വര്‍ഷം ബെംഗളൂരു എഫ്‌സിയുമായി തന്റെ ആദ്യ ഹീറോ ഐഎസ്എല്‍ കരാര്‍ നേടാന്‍ താരത്തെ സഹായിച്ചു. ഒരു എഎഫ്‌സി കപ്പ് ക്വാളിഫയര്‍ ഉള്‍പ്പെടെ ക്ലബ്ബിനായി രണ്ട് മത്സരങ്ങളില്‍ ബൂട്ട് കെട്ടി.
Img 20220511 Wa0019
ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ഗില്ലിന്റെ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയുള്ള അരങ്ങേറ്റം. ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെ 2021 ഡിസംബറില്‍ ഒഡീഷ എഫ്‌സിക്കെതിരെ ഹീറോ ഐഎസ്എലിലും അരങ്ങേറ്റം കുറിച്ചു. ഐഎസ്എല്‍ എട്ടാം സീസണില്‍ 17 മത്സരങ്ങളില്‍ കെബിഎഫ്‌സിയുടെ ഗോള്‍വല കാത്ത ഗില്‍, 49 സേവുകളും ഏഴ് ക്ലീന്‍ ഷീറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനം ഗില്ലിനെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനാക്കി. ഫെബ്രുവരിയില്‍ ഐഎസ്എലിന്റെ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ മന്‍ത് അവാര്‍ഡും നേടിയിരുന്നു.

ഈ മഹത്തായ ക്ലബ്ബുമായുള്ള കരാര്‍ നീട്ടുന്നതില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനമുണ്ടെന്ന് പ്രഭ്‌സുഖന്‍ സിങ് ഗില്‍ പറഞ്ഞു. മുന്‍ സീസണ്‍ ഇത്തരത്തിലുള്ള ഒന്നായിരുന്നു. ക്ലബ്ബുമായുള്ള അടുത്ത രണ്ട് വര്‍ഷം മികച്ചതും സമ്പുഷ്ടവുമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു! അടുത്ത രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങള്‍, നേട്ടങ്ങള്‍, പോരാട്ടങ്ങള്‍ എന്നിവക്കായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് ഇനിയും ഒരുപാട് പഠിക്കാനും നേടാനും ഉണ്ട്, അതിനായി കാത്തിരിക്കുന്നു-ഗില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണിലെ ഗില്ലിന്റെ പ്രകടനത്തിനും, അര്‍ഹതയുള്ള കരാര്‍ വിപുലീകരണത്തിനും താരത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായി കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വളരെക്കാലം ക്ഷമയോടെ അദ്ദേഹം കാത്തിരിന്നു, അവസരം ലഭിച്ചപ്പോള്‍ താന്‍ എത്ര നല്ല പോരാളിയാണെന്നും, എത്ര വൈദഗ്ധ്യമുള്ള കളിക്കാരനാണെന്നും അദ്ദേഹം തെളിയിച്ചു. ഞങ്ങള്‍ ഒരുമിച്ച് തുടരുന്നതില്‍ സന്തോഷമുണ്ട്-സ്‌കിന്‍കിസ് പറഞ്ഞു.

ക്ലബ്ബ് താരങ്ങളായ ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരുമായുള്ള കരാര്‍ വിപുലീകരണം കെബിഎഫ്‌സി നേരത്തെ പ്രഖ്യാപിച്ചിരുന്നു.