വനിതാ യൂറോ കപ്പ് ഫൈനലിൽ ജർമ്മനി ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ആണ് ജർമ്മനി ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ പോപ്പിന്റെ ഇരട്ട ഗോളുകൾ ആണ് ജർമ്മനിക്ക് വിജയം നൽകിയത്. മത്സരത്തിന്റെ 40ആം മിനുട്ടിൽ ആയിരുന്നു പോപിന്റെ ആദ്യ ഗോൾ. ഈ ഗോളിന് 4 മിനുട്ടിനകം ഫ്രാൻസ് മറുപടി പറഞ്ഞു.

44ആം മിനുട്ടിൽ ഡിയാനിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങവെ ജർമ്മൻ കീപ്പറുടെ പിറകിൽ തട്ടി വലയിലേക്ക് തന്നെ പോയി. ജർമ്മനി ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ പോപിന്റെ ഹെഡർ ജർമ്മനിക്ക് ലീഡ് തിരികെ നൽകി. വലതു വിങ്ങിൽ നിന്ന് ഹുത് നൽകിയ ക്രോസ് ആണ് പോപ് ലക്ഷ്യത്തിൽ എത്തിച്ചത്. ഈ ഗോൾ വിജയ ഗോളായും മാറി.
ജൂലൈ 31ന് ആണ് ഫൈനൽ നടക്കുക. സ്വീഡനെ തോൽപ്പിച്ച് ആയിരുന്നു ഇംഗ്ലണ്ട് ഫൈനലിൽ എത്തിയത്.














