അലെഹാന്ദ്രോ ഗർനാചോ… ആ നാമം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും അപ്പുറം ഉള്ള ഫുട്ബോൾ പ്രേമികൾ സംസാരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ആഴ്ചകളായി. എന്നാൽ ലോകം മുഴുവൻ ഗർനാചോയെ കുറിച്ച് സംസാരിക്കുന്ന കാലം വിദൂരമല്ല എന്ന് സൂചിപ്പിക്കുന്ന മറ്റൊരു പ്രകടനം ആണ് 18കാരന്റെ കാലിൽ നിന്ന് ഇന്ന് കണ്ടത്. ഇന്ന് ഫുൾഹാമിനെതിരെ ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം നേടിയ ഗോളിൽ ആണ് ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയവും മൂന്ന് പോയിന്റും നൽകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
ഇന്ന് ഗർനാചോയെ ബെഞ്ചിൽ ഇരുത്തിയാണ് യുണൈറ്റഡ് തുടങ്ങിയത്. ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ 14ആം മിനുട്ടിൽ എറിക്സണിലൂടെ ഗോൾ നേടി. ബ്രൂണോയുടെ പാസിൽ നിന്നായിരുന്നു എറിക്സന്റെ ഗോൾ.
ഈ ഗോളിന് ശേഷം ലീഡ് ഇരട്ടിയാക്കാൻ ഏറെ അവസരങ്ങൾ കിട്ടിയിട്ടും യുണൈറ്റഡ് മുതലാക്കിയില്ല. രണ്ടാം പകുതിയിൽ ഫുൾഹാം കളിയിൽ കൂടുതൽ വളർന്നു. അവർ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഡി ഹിയയുടെ കിടിലൻ സേവുകൾ പലപ്പോഴും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി.
അവസാനം സബ്ബായി എത്തിയ ഡാനിയൽ ജെയിംസ് ഫുൾഹാമിന് സമനില നൽകി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെയിംസ് ഗോൾ ആഘോഷിച്ചില്ല. ഇതിനു ശേഷം യുണൈറ്റഡ് ഗർനാചോയെ സബ്ബായി എത്തിച്ചു. ഗർനാചോ ഫുൾഹാം ഡിഫൻസിന് നിരന്തരം വെല്ലുവിളി ഉയർത്തി. അവസാനം 93ആം മിനുട്ടിൽ സെക്കൻഡുകൾ മാത്രം ബാക്കിയിരിക്കെ എറിക്സന്റെ പാസ് സ്വീകരിച്ച് ഗർനാചോ വിജയ ഗോൾ നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡ് 3 പോയിന്റും വിജയവും സ്വന്തമാക്കി. അവസാന ആഴ്ചകളിൽ ഗോളും അസിസ്റ്റുമായി മെച്ചപ്പെട്ടു കൊണ്ടേയിരിക്കുന്ന ഗർനാചോയുടെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന ഗോൾ കൂടിയാകും ഇത്. ഈ വിജയത്തോടെ യുണൈറ്റഡ് 26 പോയിന്റുമായി ലീഗിൽ അഞ്ചാമത് നിൽക്കുകയാണ്. ഫുൾഹാം ഒമ്പതാം സ്ഥാനത്താണ്