ഈ സീസണിലെ ഫുട്ബോൾ എഴുത്തുകാരുടെ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്കായ റുബൻ ഡയസ് സ്വന്തമാക്കി. സ്പർസ് താരം ഹാരി കെയ്നിനെയും സിറ്റിയുടെ തന്നെ താരമായ കെവിൻ ഡി ബ്രുയിനെയും പിന്തള്ളിയാണ് റുബൻ ഡയസ് പുരസ്കാരം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം ഈ പുരസ്കാരം നേടുന്നത്. 1989ന് ശേഷം ആദ്യമായാണ് ഒരു ഡിഫൻഡർ ഈ പുരസ്കാരത്തിന് അർഹനാകുന്നത്.
ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ബെൻഫികയിൽ നിന്ന് 65 മില്യൺ എന്ന വലിയ തുകയ്ക്ക് ഡയസിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. സിറ്റിയെ ലീഗ് കിരീടത്തിലേക്കും ലീഗ് കപ്പ് നേട്ടത്തിലേക്കും എത്തിക്കാൻ ഡയസിന്റെ സാന്നിദ്ധ്യത്തിനായി. ഇത് കൂടാതെ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഉണ്ട്. 23കാരനായ താരം ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പുരസ്കാരം നേടിയത് സിറ്റിക്ക് വലിയ പ്രതീക്ഷ നൽകും. ഇനിയും വർഷങ്ങളോളം സിറ്റി ഡിഫൻസിനെ നയിക്കുന്നത് ഡയസാകും.