ഇന്ത്യൻ ഫുട്ബോൾ അനിശ്ചിതത്വങ്ങൾക്ക് ഇടയിൽ ആണെങ്കിലും രണ്ട് ലീഗുകളിലായി രണ്ട് ദേശീയ ക്ലബുകളെ ലഭിച്ചത് കേരള ഫുട്ബോളിന് വലിയ ഗുണം തന്നെ ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനും ഗോകുലം കേരള എഫ് സിക്കും കേരളത്തിൽ വേരുറച്ചതോടെ ഫുട്ബോൾ കളിക്കുന്ന കുരുന്നുകളെ അതിൽ നിന്ന് വിലക്കുന്ന സമ്പ്രദായങ്ങൾ കുറയാൻ തുടങ്ങി. യുവതലമുറയെ ഫുട്ബോൾ പഠിപ്പിക്കാനായി നിരവധി അക്കാദമികൾ കേരളത്തിന്റെ ഒരോ മുക്കിലും മൂലയിലും ഉയരാനും തുടങ്ങി. ഈ അക്കാദമികൾ കേരള ഫുട്ബോളിന്റെ ഭാവിയെ വാർത്തെടുക്കാനും തുടങ്ങി. അങ്ങനെ കേരളത്തിലെ ഫുട്ബോളിന്റെ ഭാവിയെ വലിയ രീതിയിൽ സ്വാധീനിക്കാൻ കെൽപ്പുള്ള ഒരു അക്കാദമി കണ്ണൂരിന്റെ മണ്ണിലും പ്രവർത്തനം ആരംഭിക്കുകയാണ്. ഫുട്ഗോൾ അക്കാദമി.
എന്താണ് ഫുട്ഗോൾ അക്കാദമി?
അക്കാദമികൾ വെറും വൈകുന്നേര ക്ലാസുകളിലും സമ്മർ ക്ലാസിലും ഒതുങ്ങാതെ ഫുട്ബോൾ സംസ്കാരമായി കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യവുമായാണ് ഫുട്ഗോൾ പ്രവർത്തനം ആരംഭിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഒരു റെസിഡൻഷ്യൽ അക്കാദമിയാണ് കണ്ണൂരിന് ലഭിക്കാൻ പോകുന്നത്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ എൻ പി പ്രദീപ് അടങ്ങുന്ന സംഘമാണ് ഈ അക്കാദമി സങ്കൽപ്പത്തിന് പിറകിൽ.
തന്റെ കരിയർ പീക്ക് കഴിഞ്ഞ ശേഷം കണ്ണൂരിലെയും ഉത്തര മലബാറിലെയും ഫുട്ബോൾ മേഖലയിൽ വിവിധ തരത്തിൽ പ്രവർത്തിച്ചു വരികയാണ് എൻ പി പ്രദീപ്. ഇന്ത്യയുടെ ഈ പഴയ മിഡ്ഫീൽഡ് മാസ്റ്റർ ഉൾപ്പെട്ട സംഘത്തിന ഫുട്ഗോൾ എന്നൊരു ആശയം തോന്നിയപ്പോൾ അതിന് ആദ്യം തിരഞ്ഞെടുക്കപ്പെട്ട സ്ഥലം കണ്ണൂർ ആയിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരു ലോകോത്തര നികവാരമുള്ള റസിഡൻഷ്യൽ അക്കാദമി ആണ് ഫുട്ഗോളിന്റെ ലക്ഷ്യം. കണ്ണൂരിൽ അതിന് തുടക്കമിടുന്നെന്ന് മാത്രം.
ഫുട്ഗോൾ എവിടെ? പ്രവർത്തനവും സൗകര്യങ്ങളും;
കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപമാണ് ഫുട്ഗോൾ പ്രവർത്തനം ആരംഭിക്കുന്നത്. കുട്ടികൾക്ക് താമസിച്ച് ഫുട്ബോൾ പഠിക്കാൻ ഉള്ള അവസരമാണ് ഫുട്ഗോൾ ഒരുക്കുന്നത്. റസിഡൻഷ്യൽ അക്കാദമിക്കായി ഒരുക്കിയ കെട്ടിടം ആദ്യ ബാച്ചിനെ താമസിപ്പിച്ച് കൊണ്ടാകും ഉദ്ഘാടനമാവുക. കുട്ടികൾക്ക് താമസിക്കാൻ വിശാലമായ താമസമുറികളും അതിൽ വൈഫൈ ഉൾപ്പെടെ ഉള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ലോകത്തെ എല്ലാ ഭാഗത്ത് നടക്കുന്ന പ്രധാന മത്സരങ്ങളും കാണാനും അത് വിശകലനം ചെയ്യനുമുള്ള പ്രത്യേക സൗകര്യങ്ങളും അക്കാദമിയുടെ പുതിയ കെട്ടിടത്തിൽ ഉണ്ട്. ഫുട്ഗോൾ അൽകാദമിക്ക് വേണ്ടി മാത്രമായി പുതിയ ആർട്ടിഫിഷ്യൽ ടർഫും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ തന്നെ വിരലിൽ എണ്ണാവുന്ന ടർഫുകളെ ഉള്ളൂ എന്നിരിക്കെ അക്കാദമിക്ക് സ്വന്തമായി ഒരു ടർഫ് ഉണ്ട് എന്നത് ചെറിയ കാര്യമല്ല. ആർട്ടിഫിഷ്യൽ ടർഫിന് പുറമെ കണ്ണൂരിലെ ഒരു മികച്ച സ്കൂൾ ഗ്രൗണ്ടും അക്കാദമി പരിശീലനങ്ങൾക്ക് ഉപയോഗിക്കും. റെസിഡൻഷ്യൽ അക്കാദമി അല്ലാതെ അക്കാദമിയിൽ താമസിക്കാതെ ഫുട്ബോൾ പരിശീലനം നേടാനുള്ള സൗകര്യവും ഫുട്ഗോൾ ഒരുക്കുന്നുണ്ട്.
ഫുട്ബോളിന് പുറമെ സ്കൂൾ പഠന ആവശ്യങ്ങൾക്കായി സ്റ്റഡി റൂമും സ്കൂൾ വിഷയങ്ങളിൽ സ്പെഷ്യൽ ട്യൂഷനുകളും ഫുട്ഗോൾ അക്കാദമി കുട്ടികൾക്ക് നൽകും. ഇതുകൂടാതെ കുട്ടികൾക്കായി ഗെയിമിങ് സെന്ററുകളും അക്കാദമി ഒരുക്കുന്നുണ്ട്. സ്ഥിരമായി കുട്ടികളുടെ പുരോഗമനം വിലയിരുത്താൻ ഉള്ള ടെക്നോളജികളും ഒപ്പം കുട്ടികൾ എങ്ങനെ ആരോഗ്യകരമായി വളരാൻ എന്നതിന് മികച്ച ന്യൂട്രീഷനുകളും അക്കാദമി ഒരുക്കും. കുട്ടികളെ മാനസികമായി ഒരു ഫുട്ബോൾ താരമായി മാറ്റാനും നല്ലാ മൂല്യങ്ങൾ അവരിൽ എത്തിക്കാനും അക്കാദമി ശ്രദ്ധിക്കും എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
അണിയറയിൽ?
ഫുട്ഗോളിന്റെ അണിയറിൽ പ്രധാനമായി ഉള്ളത് മൂന്നു പേരാണ്. ഒന്ന് ജോയൽ റിച്ചാർഡ് വില്യംസ്. യൂറോപ്യൻ രാജ്യമായ ജിബ്രാൾട്ടറിൽ നിന്നാണ് ജോയൽ വില്യംസ് വരുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ പ്രധാന ഭാഗമാണ് അവസാന കുറച്ച് വർഷങ്ങളായി അദ്ദേഹം. 2016ൽ ഇന്ത്യയിൽ എത്തിയ വില്യംസ് മുമ്പ് മിനേർവ പഞ്ചാബിന്റെ ടെക്നിക്കൽ കൺസൾട്ടന്റ് ആയിരുന്നു. മിനേർവ കഴിഞ്ഞ സീസണിൽ ഐലീഗ് ചാമ്പ്യന്മാരായതിൽ ജോയലിന് വലിയ പങ്കുണ്ടായിരുന്നു. ഇപ്പോൾ ഗോകുലം കേരള എഫ് സിയിൽ ആണ് ജോയൽ പ്രവർത്തിക്കുന്നത്. ഫുട്ഗോളിന്റെ സഹ ഉടമയും ഒപ്പം മാനേജിംഗ് ഡയറക്ടറുമാൺ ജോയൽ
എൻ പി പ്രദീപ് ആണ് മറ്റൊരു ഉടമ. കണ്ണൂർ ഫുട്ഗോളിന്റെ ചുമതലയും പ്രദീപിനാണ്. ഇന്ത്യക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള പ്രദീപിന്റെ സാന്നിധ്യം ഈ അക്കാദമിക്ക് പെട്ടെന്ന് തന്നെ സ്വീകാര്യത നൽകും എന്ന പ്രതീക്ഷ നൽകുന്നു. തന്റെ ഫുട്ബോൾ ലക്ഷ്യങ്ങൾ ഫുട്ഗോളിലൂടെ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രദീപ് കരുതുന്നത്. മുൻ ഇന്ത്യൻ താരമായ മ്രിഗങ്ക ശങ്കറാണ് അക്കാദമിയുടെ മറ്റൊരു ഉടമ. മുൻ വിവാ കേരള താരം കൂടിയാണ് ഇദ്ദേഹം.
വിദേശ പരിശീലകനും വിദേശത്തുള്ള പരിശീലനവും;
വിദേശത്ത് നിന്നുള്ള പ്രശസ്ത പരിശീലകർ ഫുട്ഗോൾ അക്കാദമിയുടെ ഭാഗമാകും.മുൻ മിനേർവ പഞ്ചാബ് പരിശീലകനായ ഹുവാൻ ലൂയിസ് പെരെസ് ഹെരേര ആകും ഫുട്ഗോളിന്റെ പ്രധാന പരിശീലകൻ. സ്പാനിഷുകാരനായ പെരെസ് ഹെരേര 2017-18 സീസണിൽ കിരീടം നേടിയ മിനേർവയുടെ കോച്ചായിരുന്നു. യുവേഫ പ്രൊ ലൈസൻസ് ഉള്ള പരിശീലകനാണ് ഇദ്ദേഹം.
ഫുട്ഗോൾ അക്കാദമിയുടെ പ്രധാന പ്രത്യേകത ഒരു യൂറോപ്യൻ ക്ലബുമായുള്ള അവരുടെ സഹകരണമാണ്. ജിബ്രാൾട്ടർ ലീഗിലെ ക്ലബായ ലിങ്കൺ റെഡ്സുമായാണ് ഫുട്ഗോൾ കരാർ ആക്കിയിരിക്കുന്നത്. ജിബ്രാൾട്ടർ ലീഗിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള ടീമാണ് ലിങ്കൺ റെഡ്സ്. സ്കോട്ടിഷ് ലീഗിലെ കരുത്തരായ സെൽറ്റിക്കിനെ യൂറോപ്പാ ലീഗിൽ തോൽപ്പിച്ച ചരിത്രമൊക്കെ ഉള്ള ക്ലബാണ് ഇത്. ഫുട്ഗോളിൽ കഴിവ് തെളിയിക്കുക ആണെങ്കിൽ ലിങ്കൺ റെഡ്സിൽ സൗജന്യമായി ട്രയൽസിന് അവസരം ലഭിക്കും. ജിബ്രാൾട്ടറിലേക്കുള്ള യാത്ര ചിലവടക്കം എല്ലാം അക്കാദമി വഹിക്കുന്നതും ആയിരിക്കും. ക്ലബ് ഉടമയായ ജോയൽ വില്യംസിന്റെ ഫുട്ബോൾ ലോകത്തെ പരിചയവും മികവുമാണ് ഈ സഹകരണം സാധ്യമാക്കുന്നതിന് പിറകിൽ പ്രവർത്തിച്ചത്.
തുടക്കം ഈ മാസം;
ഫുട്ഗോൾ അക്കാദമി ഈ മാസം 15 മുതൽ അവരുടെ ആദ്യ ബാച്ചുമായി കണ്ണൂരിൽ പ്രവർത്തനം ആരംഭിക്കും. 30 കുട്ടികൾക്ക് ആകും റസിഡൻഷ്യൽ അക്കാദമിയിൽ അവസരം ഉണ്ടാവുക. ഇത് കൂടാതെ പരിസര പ്രദേശങ്ങളിൽ ഉള്ള ദിവസം വന്ന് പോകാൻ പറ്റുന്ന കുട്ടികൾക്കും അക്കാദമിയിൽ പരിശീലനം ലഭിക്കും. സമീപ ഭാവിയിൽ തന്നെ പ്രാദേശിക അക്കാദമി ലീഗുകളിലും പിന്നീട് ദേശീയ യൂത്ത് ലീഗുകളും കളിക്കാൻ ഫുട്ഗോൾ ലക്ഷ്യമിടുന്നുണ്ട്.
ഇതിനകം തന്നെ അക്കാദമിയിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ആയി താഴെ നൽകുന്ന ഫോൺ നമ്പറിലോ, ഫുട്ഗോളിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലോ ബന്ധപ്പെടാവുന്നതാണ്.
Mrigank Sharma – +91 98830 70747
Instagram – Futgol_Academy
Facebook- Futgol Academy