യൂറോ കപ്പിൽ ഇന്നലെ ചെക്ക് റിപബ്ലിക്കിനോട് തോറ്റ് പ്രീക്വാർട്ടറിൽ പുറത്തായതിനു പിന്നാലെ പരിശീലകൻ ഫ്രാങ്ക് ഡി ബോറിനെ പുറത്താക്കാനുള്ള ആലോചനയിലാണ് ഹോളണ്ട്. ഫ്രാങ്ക് ഡി ബോർ ഹോളണ്ടിന്റെ ചുമതലയേറ്റ കാലൻ മുതൽ വിമർശനം ഏറ്റുവാങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോർമേഷൻ ഹോളണ്ടിന് ചേർന്നതല്ല എന്നും അത് ഹോളണ്ടിന്റെ അറ്റാക്കിംഗ് താരങ്ങളെ പിറകോട്ട് ആക്കുന്നു എന്നും ആരാധകർ വിമർശിച്ചിരുന്നു.
യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹോളണ്ട് നന്നായി കളിച്ചു എങ്കിലും ചെക്കിന്റെ വെല്ലുവിളി മറികടക്കാൻ അവർക്കായില്ല. ലോകകപ്പിന് ഇനി ഒരു വർഷമെ ഉള്ളൂ എന്നതിനാൽ ഡി ബോറിനെ പുറത്താക്കി പെട്ടെന്ന് ഒരു നല്ല പുതിയ പരിശീലകനെ കണ്ടെത്താൻ ആകും ഹോളണ്ട് ശ്രമം. ഡച്ച് ഇതിഹാസ താരം ഫ്രാങ്ക് ഡി ബോർ റൊണാൾഡ് കോമാൻ നെതർലന്റ്സ് പരിശീലക സ്ഥാനം വിട്ട സമയത്തായിരുന്നു രാജ്യത്തിന്റെ ചുമതലയേറ്റത്.
നേരത്തെ ഇന്റർ മിലാനിലും ഇംഗ്ലീഷ് ക്ലബായ ക്രിസ്റ്റൽ പാലസിലും അമേരിക്കയിൽ അറ്റ്ലാന്റയിലും പരിശീലകനായി ഡിബോർ പ്രവർത്തിച്ചിട്ടുണ്ട്. പരിശീലകൻ എന്ന നിലയിൽ നിരാശ മാത്രം സമ്പാദിച്ച പരിശീലക കരിയറാണ് ഫ്രാങ്ക് ഡി ബോറിന് ഇതുവരെ ഉള്ളത്. അത് തന്നെയാണ് ഇപ്പോൾ ഹോളണ്ടിന്റെ ചുമതലയിലും സംഭവിക്കുന്നത്.