ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ വിറപ്പിച്ചിട്ടും ടുണീഷ്യക്ക് കണ്ണീർ. ടുണീഷ്യ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസിനെ തോൽപ്പിച്ചെങ്കിലും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ഡെന്മാർക്കിനെ തോൽപ്പിച്ചതോടെ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.
പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചത് കൊണ്ട് തന്നെ ഇന്ന് പല മാറ്റങ്ങളുമായാണ് ഫ്രാൻസ് ഇറങ്ങിയത്. എതിരാളികളായ ടുണീഷ്യക്ക് ഇത് ജീവന്മരണ പോരാട്ടം ആയതു കൊണ്ട് അവർ തന്നെയാണ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചത്. ഫ്രാൻസിന് ആദ്യ പകുതിയിൽ താളം കണ്ടെത്താനെ ആയില്ല. എട്ടാം മിനുട്ടിൽ തന്നെ ടുണീഷ്യ ആദ്യ ഗോൾ നേടി. ഖാന്ദ്രിയുടെ വോളി മന്ദാദയെ കീഴ്പ്പെടുത്ത് വലയിൽ എത്തി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നത് ടുണീഷ്യക്ക് തിരിച്ചടിയായി.
30ആം മിനുട്ടിൽ ബെൻ സ്ലിമാനിയുടെ ഹെഡർ ഫ്രാൻസിന്റെ ഗോൾ കീപ്പർ സേവ് ചെയ്തു. 35ആം മിനുട്ടിൽ ഖാസ്രിയുടെ ഇടം കാലൻ ലോങ് റേഞ്ചറും ഫ്രഞ്ച് ഗോൾ കീപ്പറുടെ മുന്നിൽ അവസാനിച്ചു. ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ഫ്രാൻസിന് ആയില്ല.
രണ്ടാം പകുതിയിൽ ഖാസ്രിയിലൂടെ ടുണീഷ്യ അവരുടെ ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടി. 1-0ന് മുന്നിൽ. ലൈദൗനിയുടെ പാസ് സ്വീകരിച്ചായിരുന്നു ഖാസ്രിയുടെ ഗോൾ. ഈ ഗോൾ നേടിയതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് എത്താൻ ടുണീഷ്യക്കായി. അവരുടെ പ്രീക്വാർട്ടർ പ്രതീക്ഷകളും സജീവമായി.
പക്ഷെ കുറച്ച് സമയമെ ആ സന്തോഷം നീണ്ടു നിന്നുള്ളൂ. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഓസ്ട്രേലിയ ലീഡ് എടുത്തതോടെ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു ടുണീഷ്യ മൂന്നാമതും ആയി.
ഫ്രാൻസ് എംബപ്പെയെയും ഡെംബലെയും ഗ്രീസ്മനെയും കളത്തിലേക്ക് ഇറക്കി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. ഫ്രാൻസിന് ഇതിനു ശേഷം മികച്ച അവസരങ്ങൾ സൃഷ്ടിച്ച് സമനിലക്ക് അടുത്ത് എത്തി. ഡെംബലെയും എംബപ്പെയും എല്ലാം ഗോളിന് അരികിൽ എത്തി എങ്കിലുൻ ടുണീഷ്യ പിടിച്ചു നിന്നു. അവസാനം 8 മിനുട്ടിന്റെ ഇഞ്ച്വറി ടൈം. ഇഞ്ച്വറി ടൈമിന്റെ അവസാനം ഗ്രീസ്മാനിലൂടെ ഫ്രാൻസ് സമനില നേടി ആഘോഷിച്ചു. പക്ഷെ VAR ട്വിസ്റ്റ്. വാർ ആ ഗോൾ നിഷേധിച്ചതായി വിധിച്ചു. അവസാനം ടുണീഷ്യ വിജയം ഉറപ്പിച്ചു. ഖത്തറിൽ നിന്ന് തല ഉയർത്തി തന്നെ ഈ ടുണീഷ്യ ടീമിന് മടങ്ങാം.
പരാജയപ്പെട്ടു എങ്കിലും ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഫ്രാൻസിനും ഓസ്ട്രേലിയക്കും 6 പോയിന്റ് വീതമാണ് ഉള്ളത്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഫ്രാൻസിന് തുണയായി. നാലു പോയിന്റുമായി ടുണീഷ്യ മൂന്നാമതും 1 പോയിന്റ് മാത്രമായി ഡെന്മാർക്ക് ഗ്രൂപ്പിൽ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു. ഗ്രൂപ്പ് സിയിൽ നിന്ന് ഒന്നാമത് എത്തുന്നവരെ ആകും ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ നേരിടുക. ഫ്രാൻസ് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരെയും നേരിടും.