യൂറോ കപ്പിന്റെ ഫിക്സ്ചർ വന്നതു മുതൽ ആരാധകർ കാത്തു നിൽക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ഇന്ന് മ്യൂണിചിലെ അലിയൻസ് അറീനയിൽ നടക്കുന്നത്. യൂറോ കപ്പിലെ മരണ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന ഗ്രൂപ്പിൽ ഫ്രാൻസും ജർമ്മനിയുമാണ് നേർക്കുനേർ വരുന്നത്. 2018ലെ ലോകകപ്പ് ജേതാക്കളും 2014ലെ ലോകകപ്പ് ജേതാക്കളും നേർക്കുനേർ വരുമ്പോൾ ആവേശകരമായ പോരാട്ടമല്ലാതെ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചായിരുന്നു ഫ്രാൻസ് ഫൈനലിലേക്ക് കടന്നത്. അന്ന് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച പോർച്ചുഗലും ഗ്രൂപ്പ് എഫിൽ ഉണ്ട്. ഫ്രാൻസും ജർമ്മനിയും ഈ യൂറോ കപ്പിലെ ഫേവറിറ്റുകൾ ആണ്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അവസാന അഞ്ചു തവണ നേരിട്ടപ്പോഴും തോൽപ്പിക്കാൻ ലോവിന്റെ ജർമ്മനിക്കായിട്ടില്ല. പരിശീലകൻ ലോയുടെ അവസാന ടൂർണമെന്റ് ആണ് എന്നതു കൊണ്ട് തന്നെ കിരീടം നേടി അദ്ദേഹത്തെ യാത്ര അയക്കാൻ ആണ് ജർമ്മൻ താരങ്ങൾ ഒരുങ്ങുന്നത്.
മുള്ളർ, കായ് ഹവേർട്സ്, ഗ്നാബറി, വെർണർ എന്നിവരടങ്ങുന്ന അറ്റാക്കിലാണ് ജർമ്മനിയുടെ പ്രതീക്ഷ. മധ്യനിരയിൽ ക്രൂസും ഗുണ്ടഗോനും ആകും ഇന്ന് ഇറങ്ങുക. പരിക്ക് കാരണം ഗൊരെസ്ക ഇന്ന് ഉണ്ടാവില്ല. മാറ്റ് ഹമ്മൽസും റുദിഗറും കിമ്മിചും ഗിന്ററും ആകും നൂയറിന് മുന്നിൽ അണിനിരക്കുക. ബെൻസീമ വന്നതോടെ കൂടുതൽ ശക്തമായ ഫ്രാൻസ് അറ്റാക്കിൽ എമ്പപ്പെയും ഗ്രീസ്മനും ബെൻസീമയും ആകും ഇറങ്ങുക.
കാന്റെയും പോഗ്ബയും ഇറങ്ങുന്ന മധ്യനിരയിൽ റാബിയോയും കൂട്ടിന് ഇറങ്ങിയേക്കും. വരാനെയും കിമ്പെപ്പയും ആകും സെന്റർ ബാക്ക് കൂട്ടുകെട്ടുകൾ. ഫ്രംച് നിരയിൽ സൗമ മാത്രമാണ് പരിക്കിന്റെ പിടിയിൽ ഉള്ളത്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.