സ്പർസിന്റെ പരിശീലകനായി ഫൊൻസെകയെ നിയമിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ എത്തും. മൂന്ന് വർഷത്തെ കരാറിൽ ആകും ടോട്ടൻഹാം ഫൊൻസെകയെ എത്തിക്കുക. ഈ ആഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം എത്തും. മുൻ ഇന്റർ മാനേജറായ അന്റോണിയോ കോണ്ടെയുമായുള്ള ചർച്ചകൾ തകർന്നതിനെത്തുടർന്നാണ് സ്പർസ് ഫൊൻസെകയെ പരിശീലകനാക്കാൻ തീരുമാനിച്ചത്. പുതിയ ഫുട്ബോൾ ഡയറക്ടർ ഫാബിയോ പാരാറ്റിസി ആണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്.
മറ്റൊരു സീസണിനുള്ള ഓപ്ഷനോടുകൂടിയ രണ്ട് വർഷത്തെ കരാറിലാണ് ആദ്യം ഫൊൻസെക ഒപ്പുവെക്കുക. എ എസ് റോമയുടെ മുൻ പരിശീലകനാന് പോളോ ഫൊൻസെക. റോമ ആണെങ്കിൽ സ്പർസിന്റെ മുൻ പരിശീലകനായ ജോസെ മൗറീനോയെ ആയിരുന്നു പരിശീലകനായി എത്തിച്ചത്.
ഈ കഴിഞ്ഞ സീസൺ അവസാനത്തോടെ ആയിരുന്നു ഫൊൻസെക റോമ ക്ലബ് വിട്ടത്. സീരി എയിലെ ദയനീയ പ്രകടനങ്ങളാണ് ഫൊൻസെക പുറത്താകാൻ കാരണം. അവസാന രണ്ടു വർഷമായി എ എസ് റോമയെ നയിച്ചത് ഫൊൻസെക ആയിരുന്നു. ഉക്രൈൻ ക്ലബായ ശക്തറിന്റെ പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു ഫൊൻസെക റോമയിൽ എത്തുന്നത്.
ഉക്രൈനിൽ ശക്തറിനൊപ്പം ഫൊൻസെക നടത്തിയ പ്രസിംഗ് ഫുട്ബോൾ ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് ഇറ്റലിയിൽ ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.