നോ ലുക് പാസ് എന്നും ബ്രസീലിയൻ ഇതിഹാസം റൊണാൾഡീനോയുടെ പേരിൽ അറിയപ്പെടും എങ്കിൽ നോ ലുക് ഗോളുകൾ ഫർമീനോയുടെ പേരിലാകും ഇനി അറിയപ്പെടുക. പാസ് എങ്ങോട്ടാണ് കൊടുക്കുന്നത് ആ ദിശയിലേക്ക് നോക്കാതെ എതിരാളികളെ കബളിപ്പിച്ച് പാസ് കൊടുക്കുന്ന രീതിയാണ് ‘നോ ലുക് പാസുകൾ’. അത് ഏറ്റവും നന്നായി ചെയ്തിരുന്നത് റൊണാൾഡീനോ ആയിരുന്നു. അത് പോലെ ഗോൾ പോസ്റ്റിലേക്ക് നോക്കാതെ ഗോളടിക്കുന്ന രീതിയാണ് നോ ലുക് ഗോളുകൾ.
നോ ലുക് ഗോൾ പലരും മുമ്പ് സ്കോർ ചെയ്തിട്ടുണ്ട് എങ്കിലും ലിവർപൂളിന്റെയും ബ്രസീലിന്റെയും താരമായ ഫർമീനോ ചെയ്യുന്നത് പോലെ ഇടക്കിടെ നോ ലുക് ഗോളുകൾ അടിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഇന്നലെ ആഴ്സണലിനെതിരെ ഫർമീനോ ഹാട്രിക്ക് നേടിയപ്പോൾ അതിൽ ഒരു ഗോൾ നോ ലുക് ഗോളായിരുന്നു. പന്തൊ ഗോൾ പോസ്റ്റോ നോക്കാതെ മുഖം വേറൊരു ദിശയിലേക്ക് തിരിച്ചു കൊണ്ടുള്ള ഗോൾ.
ഇതാദ്യമായല്ല ഫർമീനോ ഇങ്ങനെ ഗോളടിക്കുന്നത്. ലിവർപൂളിൽ അവസാന രണ്ട് വർഷങ്ങൾക്ക് ഇടയിൽ ഫർമീനോയുടെ നാലാമത്തെ നോ ലുക് ഗോളാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ വെസ്റ്റ് ഹാമിനെതിരെ ആയിരുന്നു ഇതിനു മുമ്പുള്ള ഫർമീനോയുടെ നോ ലുക് ഗോൾ. കഴിഞ്ഞ സീസണിൽ തന്നെ സ്വാൻസിക്കെതിരെയും സെവിയ്യക്കെതിരെയും സമാന രീതിയിൽ ഫമർമീനോ ഗോൾ നേടി. ബ്രസീലിയൻ താരങ്ങൾ പന്ത് കളിയിലെ അത്ഭുതങ്ങളാണെന്ന് വീണ്ടും തെളിയിക്കുക കൂടി ചെയ്യുകയാണ് ഫർമീനോ