നീണ്ട ഒരു മാസത്തെ വനിതാ ഫുട്ബോളിലെ ലോക കിരീടത്തിനായുള്ള പോരാട്ടം ഇന്ന് അവസാനിക്കുകയാണ്. ഇന്ന് കലാശ പോരാട്ടത്തിൽ അമേരിക്കയും ഹോളണ്ടുമാണ് ഏറ്റുമുട്ടുന്നത്. നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക തുടർച്ചയായ രണ്ടാം തവണയും കിരീടം ഉയർത്തി വനിത ഫുട്ബോളിൽ പകരക്കാരില്ലാത്ത ശക്തികളാകാം എന്ന പ്രതീക്ഷയിലാണ്.
സെമിയിൽ ഇംഗ്ലണ്ടിനോട് ഒന്ന് പതറിയിരുന്നു എങ്കിലും ടൂർണമെന്റിൽ ബാക്കി എല്ലാ മത്സരങ്ങളിലും ഗംഭീര പ്രകടനമായിരുന്നു അമേരിക്ക കാഴ്ചവെച്ചിരുന്നത്. ഡിഫൻസിലും അറ്റാക്കിലും ഒരു പോലെ താരങ്ങൾ ഫോമിലാണ്. സെമിയിൽ ഇല്ലാതിരുന്ന റപിനോ കൂടി ഇന്ന് ടീമിലേക്ക് മടങ്ങി എത്തുന്നതോടെ അമേരിക്ക കൂടുതൽ കരുത്തരാകും.
യൂറോ ചാമ്പ്യന്മാരായ ഹോളണ്ടിന് ലോകം കീഴടക്കാൻ ആകുമെന്ന പ്രതീക്ഷയുണ്ട്. അവരുടെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ലോകകപ്പിനാണ് ടീം ഇറങ്ങുന്നത്. വിവിയെനെ മെദമേ, ലീകെ മർടെൻസ് എന്നിവരിൽ തന്നെയാണ് ഇന്നും ഹോളണ്ടിന്റെ പ്രതീക്ഷകൾ നിൽക്കുന്നത്. സെമിയിൽ സ്വീഡനെതിരെ സബ്ബായി എത്തി കളിമാറ്റിയ വാൻ ഡെ സാഡൻ ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്വർക്കിൽ ഉണ്ടാകും.