അഞ്ച് ശതകങ്ങളെക്കുറിച്ച് താന്‍ ചിന്തിച്ചതേയില്ല, എത്ര വലിയ ഇന്നിംഗ്സ് കളിച്ചാലും അടുത്ത ദിവസം ആദ്യം മുതലെ തുടങ്ങണമെന്നത് താന്‍ എപ്പോളും മനസ്സിലോര്‍ക്കും

അഞ്ച് ശതകം നേടി റെക്കോര്‍ഡ് സ്വന്തമാക്കുക എന്ന ചിന്ത ഒരിക്കലും തന്റെ മനസ്സില്‍ വന്നിരുന്നില്ലെന്ന് പറഞ്ഞ് ശ്രീലങ്കയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ രോഹിത് ശര്‍മ്മ. താന്‍ എപ്പോളും പറയുന്ന പോലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കുവാനായി മാത്രമാണ് താന്‍ കളിക്കാനിറങ്ങുന്നത്, അത് ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് അല്ലാതെ വ്യക്തിഗത നേട്ടങ്ങളല്ലെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. താന്‍ മികച്ച രീതിയില്‍ കളിച്ചാല്‍ ഈ നേട്ടങ്ങളെല്ലാം പിന്നാലെ വരുമെന്ന് അറിയാം അതിനാല്‍ തന്നെ ഈ ചിന്തയൊന്നുമില്ലാതെ ടീമിനെ അവസാന കടമ്പ കടത്തുകയെന്നത് മാത്രമാണ് താന്‍ എന്നും ലക്ഷ്യം വെച്ചിട്ടുള്ളതെന്ന് രോഹിത് പറഞ്ഞു.

ആദ്യ ഓവറുകള്‍ കഴിഞ്ഞാല്‍ പിന്നെ ഷോട്ട് സെലക്ഷനുകളാണ് ഏറ്റവും പ്രധാനമായ കാര്യം. ഏത് പിച്ചില്‍ ഏത് ഷോട്ടുകള്‍ കളിക്കണമെന്നും ഏത് ബൗളറെയാണ് ഷോട്ട് കളിക്കുവാന്‍ തിരഞ്ഞെടുക്കേണ്ടതെന്നും ഏറ്റവും പ്രധാനമായ കാര്യമാണ് തനിക്ക്. കഴിഞ്ഞത് കഴിഞ്ഞു എന്ന നയമാണ് തന്റേത് എത്ര വലിയ ഇന്നിംഗ്സ് കളിച്ചാലും എത്ര ചെറിയ ഇന്നിംഗ്സ് കളിച്ചാലും അടുത്ത ദിവസം എല്ലാം ആദ്യം മുതലെ തുടങ്ങേണ്ടതാണെന്ന ബോധ്യം തനിക്കുണ്ടെന്നും രോഹിത് പറഞ്ഞു.

താന്‍ ഓരോ ടൂര്‍ണ്ണമെന്റിലേക്കും എത്തുന്നത് താന്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ലെന്നോ ഒരു ശതകം പോലും നേടിയിട്ടില്ല എന്നും കരുതിയാണ്. ആ മനോഗതിയുമായി മത്സരങ്ങളെ തങ്ങള്‍ സമീപിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ ശതകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോളും അവ നമ്മെ അലട്ടില്ലെന്നും രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

Previous articleവനിതാ ലോകകപ്പ് ഫൈനൽ ഇന്ന്, കിരീടത്തിനായി അമേരിക്കയും ഹോളണ്ടും
Next articleഇംഗ്ലീഷ് യുവതാരത്തെ സ്വന്തമാക്കി ബാഴ്സലോണ