മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാ എന്ന് ഉറപ്പിച്ചിരിക്കുകയാണ്. സർ അലക്സ് ഫെർഗൂസൺ പരിശീലക സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ആറാമത്തെ സീസണാണ് ഇത്. അതിൽ നാലു തവണയും ടോപ്പ് ഫോറിൽ എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ടോപ് 4ന് പിറകിൽ പോയിരുന്നില്ല.
ചാമ്പ്യൻസ് ലീഗ് യോഗ്യത പോയതോടെ യൂറോപ്പാ ലീഗിൽ കളിക്കേണ്ട ഗതികേടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവസാന ആറു സീസണുകളിൽ നാലു സീസണുകളിലും 70ൽ താഴെ മാത്രം പോയന്റുകളേ യുണൈറ്റഡ് നേടിയുള്ളൂ എന്നതും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താഴോട്ടു പോക്ക് വ്യക്തമാക്കുന്നു. ഇത്തവണ അവസാന മത്സരം വിജയിച്ചാൽ പോലും 70 പോയന്റ് ലീഗിൽ തൊടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനാവില്ല.
രണ്ട് ദശകത്തിനു മേലെ ടീമിൽ ഉണ്ടായിരുന്ന ഫെർഗൂസൺ ഒരു സീസണിൽ പോലും 70ൽ താഴെ പോയന്റ് നേടിയിരുന്നില്ല. ജോസെ മൗറീനോ കഴിഞ്ഞ സീസണിൽ നേടിയ 81 പോയന്റ് മാത്രമാണ് മാഞ്ചസ്റ്റർ ഫെർഗൂസണ് ശേഷം 80 പോയന്റ് തൊട്ട സീസൺ. 2012-13 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഗ് കിരീടവും നേടിക്കൊടുത്തായിരുന്നു ഫെർഗൂസൺ വിടവാങ്ങിയത്. ഫെർഗിക്ക് ശേഷം കാര്യങ്ങൾ പ്രയാസമായിരിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്രയ്ക്ക് ആരും പ്രതീക്ഷിച്ചു കാണില്ല.
യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരും എന്നതിനാൽ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വൻ പേരുകൾ എത്താനുള്ള സാധ്യത വളരെ കുറവാണ്. ഇപ്പോൾ ഉള്ള പല താരങ്ങളുടെയും കരാർ പുതുക്കലും സംശയമായിരിക്കും.
ഫെർഗൂസൺ വിരമിച്ച ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോയന്റുകൾ:
2013-14: 64
2014-15: 70
2015-16: 66
2016-17: 69
2017-18: 81
2018-19: 66-69