ഇനി മധ്യപ്രദേശിലെ ഫുട്ബോൾ ലോകത്തും മലയാളികളുടെ നിറ സാന്നിദ്ധ്യം. എഫ് സി കല്പകഞ്ചേരിയിലൂടെ വളർന്നു വന്ന നാലു താരങ്ങളാണ് മധ്യപ്രദേശിലെ എസ് ബി ഐ ഫുട്ബോൾ ടീമിനായി കളിക്കാൻ പോകുന്നത്. മുഹമ്മദ് ഫായിസ്, മനൂബ്, മുഹമ്മദ് റിളുവാൻ, മുഹമ്മദ് റിയാസ് എന്നീ താരങ്ങളാണ് എസ് ബി ഐയുമായി കരാറിൽ എത്തിയത്.
ഭോപ്പാൽ സൂപ്പർ ഡിവിഷനിലാകും ആദ്യ ഈ നാലു താരങ്ങളും കളത്തിൽ ഇറങ്ങുക. ഒരു വർഷത്തെ കരാറിലാണ് താരങ്ങൾ ഒപ്പുവെച്ചിരിക്കുന്നത്. സൂപ്പർ ഡിവിഷനിൽ എസ് ബി ഐക്ക് വേണ്ടിയാണ് കളിക്കുക എങ്കിലും, മറ്റു ടൂർണമെന്റുകളിൽ എസ് ബി ഐയുമായി സഹകരിക്കുന്ന മദൻ മഹാരാജ് എന്ന ക്ലബിനായും ഇവർ കളിക്കും. അടുത്ത വർഷത്തെ സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കളിക്കാൻ ഒരുങ്ങുന്ന ക്ലബാണ് മദൻ മഹാരാജ്.
ഗോൾകീപ്പറായ മുഹമ്മദ് ഫായിസ് നിർമല കോളേജ് വിദ്യാർത്ഥിയായിരുന്നു. മുമ്പ് റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ടൂർണമെന്റുകളിലും ഇന്ത്യൻ എക്സ്പ്രസിന്റെ ഗോൾ ടൂർണനെന്റിലും കളിച്ചിട്ടുണ്ട്. നിർമല കോളേജ് റിലയൻസ് ടൂർണമെന്റിൽ ഓൾ ഇന്ത്യ റണ്ണേഴ്സ് ആയപ്പോൾ ഫായിസായിരുന്നു ഗോൾകീപ്പർ. ഇടുക്കിയെ പ്രതിനിധീകരിച്ച് സംസ്ഥാന സീനിയർ ഫുട്ബോളും യൂത്ത് ഫുട്ബോൾ ടൂർണമെന്റും കളിച്ചിരുന്നു.
സ്ട്രൈക്കറായ മനൂബ് സഫാ കോളേജിന്റെ താരമായിരുന്നു. കോഴിക്കോട് ജില്ലാ ടീമിൽ മുമ്പ് ഇടം നേടിയിരുന്നു എങ്കിലും പരിക്ക് അന്ന് മനൂബിന് വിനയായി.
ലെഫ്റ്റ് ബാക്കായാണ് റിളുവാൻ കളിക്കുന്നത്. എം ഇ എസ് വളാഞ്ചേരി കോളേജിന്റെ താരമാണ് മുഹമ്മദ് റിള്വാൻ. നിരവധി വർഷങ്ങളായി എഫ് സി കല്പകഞ്ചേരിയിൽ താരം കളിക്കുന്നുണ്ട്.
സഫാ കോളെജിന്റെ താരമായിരുന്നു മുഹമ്മദ് റിയാസും. സെന്റർ ഹാഫായാണ് റിയാസ് തിളങ്ങിയിട്ടുള്ളത്. 2016-17 സീസണിൽ കോഴിക്കോടിനായി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.
എഫ് സി കല്പകഞ്ചേരിയിൽ ഇതര സംസ്ഥാന ക്ലബുകളിലേക്ക് താരങ്ങൾ പോകുന്നത് ഇതാദ്യമല്ല. എഫ് സി കല്പകഞ്ചേരിയിൽ കളിച്ച നിരവധി താരങ്ങൾ ചെന്നൈ ലീഗിലും ബെംഗളൂരു ലീഗിലുമൊക്കെയായി കളിക്കുന്നുണ്ട്. ഈ നാല് താരങ്ങളും അടുത്ത ആഴ്ചയോടെ മധ്യപ്രദേശിലേക്ക് യാത്ര തിരിക്കും. നവംബർ ആദ്യമാണ് ഭോപ്പാൽ സൂപ്പർ ഡിവിഷൻ ആരംഭിക്കുന്നത്.