ചാമ്പ്യന്മാർ തകർന്നു വീണു, എഫ് സി ഗോവയ്ക്ക് ചെന്നൈയിൽ വൻ ജയം

കഴിഞ്ഞ ഐ എസ് എൽ കിരീടം ഉയർത്തിയ ചെന്നൈയിന് ഈ സീസൺ ആരംഭം ദുരന്തമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ബെംഗളൂരുവിനോട് തോറ്റ ക്ഷീണം മാറ്റാനാണ് ചെന്നൈയിന് ഇറങ്ങിയത് എങ്കിലും ഇന്ന് നേരിടേണ്ടി വന്നത് അതിനേക്കാൾ വലിയ തോൽവിയെ ആയിരുന്നു. മറീന അരീനയിൽ നടന്ന ചെന്നൈയിനും എഫ് സി ഗോവയുമായുള്ള പോരാട്ടം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ് സി ഗോവ സ്വന്തമാക്കിയത്.

ഗോവയുടെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ എഡു ബേഡിയ ആണ് എഫ് സി ഗോവയ്ക്ക് ഇന്ന് ആദ്യം ലീഡ് നേടിക്കൊടുത്തത്. 12ആം മിനുട്ടിൽ ആയിരുന്നു ബേഡിയയുടെ ഗോൾ. സസ്പെൻഷൻ കാരണം ആദ്യ മത്സരം കളിക്കാൻ എഡു ബേഡിയക്ക് കഴിഞ്ഞിരുന്നില്ല. ലെന്നി റോഡ്രിഗസിന്റെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ഒരു ഗോളിന് പിറകിൽ പോയെങ്കിലും ആദ്യ പകുതിയിൽ ചെന്നൈയിൻ ആയിരുന്നു ഭേദപ്പെട്ട ടീം.

എന്നാൽ രണ്ടാം പകുതിയിൽ കളി പൂർണ്ണമായും ഗോവ സ്വന്തമാക്കി. ചെന്നൈയിൻ ഡിഫൻസിലെ പിഴവ് മുതലാക്കി നേടിയ രണ്ടാം പകുതിയിലെ രണ്ട് ഗോളുകളാണ് ലൊബേരയെയും സംഘത്തെയും മൂന്ന് പോയന്റുമായി ചെന്നൈയിൽ നിന്ന് മടങ്ങാൻ അനുവദിച്ചത്. 53ആം മിനുട്ടിൽ കോറോയും 80ആം മിനുട്ടിൽ ഫാൾ മൗർറ്റാഡയുമാണ് ഗോവയുടെ ജയ ഉറപ്പിച്ച് കൊടുത്തത്. ഇന്നത്തെ ഗോൾ ഉൾപ്പെടെ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ആയി കോറോയ്ക്ക്.

കളിയുടെ ഇഞ്ച്വറി ടൈമിൽ എലി സാബിയ ആണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. ചെന്നൈയിന്റെ ഹോമിൽ വന്ന് ഗോവ ജയിക്കുന്ന നാലാമത്തെ മത്സരമാണിത്.

Previous articleഹാട്രിക്കുമായി അൽകാസർ , ബൊറൂസിയ ഡോർട്ട്മുണ്ടിന് തകർപ്പൻ ജയം
Next articleപരാജയമില്ലാതെ വോൾവ്സ് മുന്നേറുന്നു