ഐ എസ് എല്ലിൽ ഇന്ന് ഗോവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും. പ്ലേ ഓഫ് യോഗ്യതയുടെ കാര്യത്തിൽ നിർണായകമാകുന്ന മത്സരമാകും ഇത്. 20 പോയന്റുമായി ഗോവ നാലാമതും 19 പോയന്റുമായി ജംഷദ്പൂർ മൂന്നാമതും ആണ് ഇപ്പോൾ ഉള്ളത്. ഇന്ന് ജയിക്കാൻ ആയാൽ ഗോവയ്ക്ക് പ്ലേ ഓഫിനായുള്ള പോരാട്ടത്തിൽ വലിയ മുൻതൂക്കം തന്നെ നൽകും.
27 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള എഫ് സി ഗോവയ്ക്കു ഇന്ന് ഒരു കണക്കു തീർക്കൽ കൂടി ബാക്കിയുണ്ട്. സീസൺ തുടക്കത്തി ഏറ്റുമുട്ടിയപ്പോൾ 4-1ന്റെ വലിയ പരാജയം തന്നെ ജംഷദ്പൂരിന്റെ കയ്യിൽ നിന്ന് ഗോവ ഏറ്റു വാങ്ങിയിരുന്നു. ഗോവയുടെ ഈ സീസണിലെ ഏറ്റവും വലിയ പരാജയമായിരുന്നു അത്. കോറോ, എഡു ബേഡിയ എന്നിവരൊക്കെ ഫോം തുടർന്നാൽ ജംഷദ്പൂരിനെ മറികടക്കാം എന്നാണ് ലൊബേര കരുതുന്നത്. പുതിയ സൈനിംഗ് സെയ്ദ് ക്രൗചും ഇന്ന് ഗോവൻ നിരയിൽ ഉണ്ടാകും.
സൂസൈരാജ്, സിഡോഞ്ച എന്നിവരുടെ തിരിച്ചുവരവിലാകും ജംഷദ്പൂരിന്റെ പ്രതീക്ഷ. അവസാന കുറച്ച് മത്സരങ്ങൾ പരിക്ക് കാരണം ഇരുവർക്കും നഷ്ടമായിരുന്നു.