സെമി ഫൈനൽ മത്സരങ്ങൾക്ക് മുന്നേയുള്ള അവസാന മത്സരത്തിന് തിങ്ങി നിറഞ്ഞ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ഗോവക്ക് വിജയം. ലീഗ് ടേബിളിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി ഗോവ തറപറ്റിച്ചത്. 18 മത്സരങ്ങളിൽ നിന്നും ഗോവക്കും ബെംഗളൂരുവിനും 34 പോയിന്റാണ് ഉള്ളതെങ്കിലും നേരത്തെ ബെംഗളൂരുവിനോട് തോറ്റതിനാൽ ഹെഡ് റ്റു ഹെഡ് നോക്കി ബെംഗളൂരു ആണ് ലീഗിൽ ഒന്നാമത്.
ലീഗിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ ആശ്വാസ ജയം തേടിയാണ് ഗോവയിൽ എത്തിയത്. എന്നാൽ 18 മത്സരങ്ങളിലെ 13ആം പരാജയവും ഏറ്റുവാങ്ങിയാണ് ചെന്നൈയിൻ ഫറ്റോർഡ സ്റ്റേഡിയം വിട്ടുപോയത്. ലഭിച്ച അവസരങ്ങൾ പാഴാക്കിയതാണ് ചെന്നൈയിന് തിരിച്ചടിയായത്. പരാജയത്തോടെ വെറും 9 പോയിന്റുമായി അവസാന സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കാനേ നിലവിലെ ചാമ്പ്യന്മാർക്ക് കഴിഞ്ഞുള്ളു.
മത്സരത്തിന്റെ 26ആം മിനിറ്റിൽ ആണ് ഗോവ വിജയ ഗോൾ നേടിയത്. ജാക്കിചാന്ദ് സിംഗിന്റെ പാസിൽ ഫെറൻ കൊറോണിമസ് ആണ് ഗോവയുടെ വിജയം നിശ്ചയിച്ച ഗോൾ കണ്ടെത്തിയത്. നിർണായകമായ മത്സരം അല്ലാതിരുന്നിട്ടു കൂടെ 16000ത്തിൽ അതികം കാണികൾ ഗോവക്ക് വേണ്ടി ആർത്തു വിളിക്കാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.