ദക്ഷിണാഫ്രിക്കയുടെ ട്വി20, ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ ആയ ഫാഫ് ഡു പ്ലെസിസ് തന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ഡു പ്ലെസിസ് തന്നെ ഇന്ന് ഔദ്യോഗികമായി താൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണ് എന്ന് അറിയിക്കുകയായിരുന്നു. നേരത്തെ ഏകദിനത്തിലെ ക്യാപ്റ്റൻ സ്ഥാനം ഡു പ്ലെസിസിന് നഷ്ടമായിരുന്നു. ഡി കോക്ക് ദക്ഷിണാഫ്രിക്കയുടെ ഏകദിനത്തിലെ സ്ഥിരം ക്യാപ്റ്റനായി മാറിയിരുന്നു. ഇപ്പോൾ ബാക്കി ഫോർമാറ്റിലും ഡു പ്ലെസിസ് സ്ഥാനം ഒഴിഞ്ഞതോടെ ഡി കോക്ക് ക്യാപ്റ്റനായി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തനിക്ക് ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ കൂടുതൽ സംഭാവനകൾ ടീമിനു നൽകാൻ വേണ്ടിയാണ് രാജിവെക്കുന്നത് എന്ന് ഫാഫ് ഡു പ്ലെസിസ് പറഞ്ഞു. ഇത് ജീവിതത്തിലെ കടുത്ത തീരുമാനങ്ങളിൽ ഒന്നാണ് എന്നും ക്യാപ്റ്റനായി വരുന്ന ആർക്കും തന്റെ പരിപൂർണ്ണ പിന്തുണ ഉണ്ടാകും എന്നും ഡു പ്ലെസിസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയെ 112 അന്താരാഷ്ട്ര മത്സരങ്ങളിൽ നയിക്കാൻ ഡു പ്ലെസിസിനായി. 2012ൽ ആയിരുന്നു ഡു പ്ലെസിസ് ആദ്യമായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായത്.