ഫാഫ് ഡു പ്ലെസിയുടെ പ്രകടനം മാത്രമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രകടനം ഒതുങ്ങിയപ്പോള്‍ 16 റണ്‍സിന്റെ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് 217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സേ നേടാനായുള്ളു.72 റണ്‍സാണ് ഫാഫ് നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി എംഎസ് ധോണി അവസാന ഓവറില്‍ മൂന്ന് സിക്സ് നേടിയെങ്കിലും 16 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.
പവര്‍പ്ലേയിലെ മികച്ച തുടക്കത്തിന് ശേഷം രാഹുല്‍ തെവാത്തിയയുടെ മൂന്ന് വിക്കറ്റില്‍ ആടിയുലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് പിന്നെ കണ്ടത്. 56/0 എന്ന നിലയില്‍ നിന്ന് 77/4 എന്ന നിലയിലേക്ക് വീണ ടീമിന് വേണ്ടി ഫാഫ് ഡു പ്ലെസിയാണ് ടോപ് സ്കോറര്‍ ആയത്.
24 പന്തില്‍ നിന്ന് 74 റണ്‍സാണ് ചെന്നൈയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 17ാം ഓവറില്‍ 3 സിക്സ് അടക്കം 21 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസി 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. അത് കൂടാതെ ലക്ഷ്യം 18 പന്തില്‍ 58 റണ്‍സാക്കി മാറ്റുകയും ചെയ്തു.
ടോം കറന്റെ അടുത്ത ഓവറില്‍ സിക്സ് നേടിയ ഫാഫിന് ഓവറില്‍ നിന്ന് വേറെ വലിയ ഷോട്ടുകള്‍ നേടാനാകാതെ പോയപ്പോള്‍ ഓവറില്‍ നിന്ന് പത്ത് റണ്‍സ് മാത്രമേ വന്നുള്ളു.ഇതോടെ ലക്ഷ്യം 12 പന്തില്‍ 48 റണ്‍സായി മാറി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ 19ാം ഓവറിന്റെ നാലാം പന്തില്‍ ജോഫ്രയെ ഫാഫ് സിക്സറിന് പറത്തിയെങ്കിലും അടത്ത പന്തില്‍ വിക്കറ്റ് വീഴ്ത്തി താരം തിരിച്ചടിച്ചു. 37 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയാണ് ഫാഫ് ഡു പ്ലെസി പുറത്തായത്. 7 സിക്സാണ് ഫാഫ് ഡു പ്ലെസി നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് 22 റണ്‍സേ നേടാനായുള്ളു.
ചെന്നൈയ്ക്ക് വേണ്ടി എംഎസ് ധോണ 17 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷെയിന്‍ വാട്സണ്‍(33), മുരളി വിജയ്(21), സാം കറന്‍(17), കേധാര്‍ ജാഥവ്(22) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.