എഫ് എ കപ്പിൽ ഇന്നാദ്യ സെമി, ഗുരുവും ശിഷ്യനും നേർക്കുനേർ!!

Newsroom

എഫ് എ കപ്പിൽ ഇന്ന് ആദ്യ സെമി ഫൈനലാണ്. വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നേർക്കുനേർ വരുന്നത് മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലുമാണ്. പെപ് ഗ്വാർഡിയോളയും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന അർട്ടേറ്റയും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മികച്ച ഫോമിൽ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ അർട്ടേറ്റയുടെ ആഴ്സണലിന് ആകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി മാഞ്ചസ്റ്റർ സിറ്റി 12 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ആ ആത്മവിശ്വാസത്തിൽ തന്നെ ആകും സിറ്റിയുടെ അറ്റാക്ക് ഇന്ന് ഇറങ്ങുക. എന്നാൽ അവസാന മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിനെ തോൽപ്പിച്ച ടീമാണ് ആഴ്സണൽ. ഫോമിൽ അത്ര സ്ഥിരത ഇല്ലായെങ്കിലും ആഴ്സണൽ ആരെയും തോൽപ്പിക്കാൻ ശേഷിയുള്ള ടീമായി അർട്ടേറ്റയുടെ കീഴിൽ മാറിയിട്ടുണ്ട്. സിറ്റിയും ആഴ്സണലും ഈ സീസണിൽ രണ്ട് തവണ നേർക്കുനേർ വന്നപ്പോഴും സിറ്റി 3-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. ഇന്ന് രാത്രി 12.15നാണ് സെമി ഫൈനൽ നടക്കുക. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.