ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിട്ട് എവർട്ടൺ എങ്ങോട്ടുമില്ല. ഇന്ന് അതിനിർണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ അത്ഭുത തിരിച്ചുവരവ് നടത്തിയാണ് ലമ്പാർഡും ടീമും റിലഗേഷൻ ആവില്ല എന്ന് ഉറപ്പിച്ചത്. ആദ്യ പകുതിയിൽ 2 ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച എവർട്ടണ് 3-2ന്റെ വിജയം സ്വന്തമാക്കുക ആയിരുന്നു.
21ആം മിനുട്ടിൽ മറ്റേറ്റയും 36ആം മിനുട്ടിൽ ജോർദൻ അയുവും നേടിയ ഗോളിൽ ആയിരുന്നു ഗുഡിസൻ പാർക്കിൽ ക്രിസ്റ്റൽ പാലസ് 2 ഗോളിനു മുന്നിൽ എത്തിയത്. രണ്ടാം പകുതിയിലാണ് എവർട്ടന്റെ തിരിച്ചടി വന്നത്. 54ആം മിനുട്ടിൽ സെന്റർ ബാക്ക് മൈക്കിൽ കീനിലൂടെ ആദ്യ ഗോൾ. 75ആം മിനുട്ടിൽ റിച്ചാർലിസനിലൂടെ സമനില. സ്കോർ 2-2. പിന്നെ വിജയ ഗോളിനായുള്ള പോരാട്ടം.
85ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് ഒരു ഹെഡറിലൂടെ കാൾവട്ട് ലൂയിൻ എവർട്ടന്റെ വിജയ ഗോൾ. സ്കോർ 3-2. ആരാധകർ സന്തോഷം കൊണ്ട് പിച്ച് കൈക്കലാക്കിയ നിമിഷം.
ഈ വിജയത്തോടെ എവർട്ടണ് 37 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. ഇനി ലീഡ്സ് യുണൈറ്റഡ് അവസാന മത്സരത്തിൽ വിജയിച്ചാലും എവർട്ടണൊപ്പം എത്തില്ല. ഇനി റിലഗേഷൻ പോരാട്ടം ബേർൺലിയും ലീഡ്സും തമ്മിലാകും.