21ആം നൂറ്റാണ്ടിൽ ആദ്യമായി എവർട്ടണോട് ആൻഫീൽഡിൽ തോൽവിയേറ്റുവാങ്ങി ലിവർപൂൾ. ആവേശകരമായ മേഴ്സി സൈഡ് ഡാർബിയിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആൻഫീൽഡിൽ ലിവർപൂൾ പരാജയം ഏറ്റുവാങ്ങിയത്. 1999ലാണ് എവർട്ടൺ ആൻഫീൽഡിൽ ഗ്രൗണ്ടിൽ അവസാനമായി ജയിച്ചത്. അതെ സമയം ആൻഫീൽഡിൽ ലിവർപൂളിന്റെ തുടർച്ചയായ നാലാമത്തെ തോൽവി കൂടിയായിരുന്നു ഇന്നത്തെ മത്സരം. 1923ന് ശേഷം ആദ്യമായാണ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി 4 മത്സരങ്ങൾ തോൽക്കുന്നത്.
മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ റീചാർളിസണിലൂടെ എവർട്ടൺ മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ വിവാദ പെനാൽറ്റിയിലൂടെ സിഗേഴ്സൺ എവർട്ടന്റെ രണ്ടാമത്തെ ഗോളും നേടി വിജയമുറപ്പിക്കുകയായിരുന്നു. നിലത്ത് വീണുകിടക്കുന്ന അലക്സാണ്ടർ അർണോൾഡിന്റെ ദേഹത്ത് തട്ടി എവർട്ടൺ താരം ഡൊമിനിക് കാൽവെർട് ലെവിൻ വീണതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. മത്സരത്തിനിടെ ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ പരിക്കേറ്റ് പുറത്തുപോയതും ലിവർപൂളിന് തിരിച്ചടിയായി. 2010ന് ശേഷം ആദ്യമായാണ് ലിവർപൂളിനെതിരെ എവർട്ടൺ ഒരു മത്സരം ജയിക്കുന്നതും.