സ്വയം ശ്വാസംമുട്ടുക ആണെങ്കിലും എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റിലഗേഷൻ പോരാട്ടത്തിൽ കിടന്ന് പെടയുക ആയിരുന്ന എവർട്ടണ് ജീവശ്വാസം നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ്. വിജയിക്കാൻ പാടുപെടുന്ന എവർട്ടണെതിരെ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുക ആയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എവർട്ടന്റെ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമായി ഇത്.

ഇന്ന് ഗുഡിസൻ പാർക്കിൽ ആത്മവിശ്വാസമില്ലാത്ത രണ്ട് ടീമുകളുടെ പോരാട്ടനായിരുന്നു. തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റാഷ്ഫോർഡിന് രണ്ട് അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. ഈ അവസരങ്ങൾക്ക് അപ്പുറം മാഞ്ചസ്റ്റർ യുണൈറ്റഡ് കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. കഴിഞ്ഞ ആഴ്ച ലെസ്റ്ററിനെതിരെ കണ്ടത് പോലെ വേഗത കുറഞ്ഞ ഫുട്ബോൾ ആണ് യുണൈറ്റഡിൽ നിന്ന് കണ്ടത്. നിരവധി മിസ് പാസുകളും യുണൈറ്റഡ് താരങ്ങളുടെ ബൂട്ടിൽ നിന്ന് പിറന്നു.
20220409 175351

തുടക്കത്തിൽ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാതിരുന്ന എവർട്ടൺ 27ആം മിനുട്ടിൽ തങ്ങളുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റ് തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. യുവതാരം ആന്റണി ഗോർദൊന്റെ ഷോട്ട് മഗ്വയറിൽ തട്ടി വലിയ ഡിഫ്ലക്ഷനോടെ ആണ് വലയിൽ കയറിയത്. ഈ ഗോളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്ന ചെറിയ പോരാട്ട വീര്യവും ഇല്ലാതായി. മറുവശത്ത് എവർട്ടൺ അവരുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്തു.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ ഉണ്ടാക്കാൻ കഴിയാതെ കഷ്ടപ്പെട്ടു. രണ്ടാം പകുതിയിൽ ആകെ 2 ഷോട്ട് ആണ് ടാർഗറ്റിലേക്ക് തൊടുക്കാൻ യുണൈറ്റഡിനായത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയമില്ലാത്ത തുടർച്ചയായ മൂന്നാം മത്സരമാണിത്‌. അവസാന ഏഴ് മത്സരങ്ങളിൽ ഒരു കളിയാണ് യുണൈറ്റഡ് വിജയിച്ചത്‌. 51 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് പരാജയം. എവർട്ടണ് ആകട്ടെ ഈ വിജയം വലിയ ഊർജ്ജമാകും. റിലഗേഷൻ സോണിന് 4 പോയിന്റ് മുകളിൽ എത്താൻ ഈ ജയത്തോടെ എവർട്ടണായി. 30 മത്സരങ്ങളിൽ 28 പോയിന്റാണ് എവർട്ടണ് ഉള്ളത്.