യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായ മാഞ്ചസ്റ്റർ യൂണൈറ്റഡിനും ആഴ്സണലിനും വമ്പൻ എതിരാളികൾ. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി യൂറോപ്പ ലീഗിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥത്തുള്ള റിയൽ സോസിഡാഡ് ആണ് എതിരാളികൾ. അടുത്ത വർഷം ഫെബ്രുവരി 18നും 25നുമാവും മത്സരങ്ങൾ നടക്കുക.
മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഡേവിഡ് സിൽവയുടെ മാഞ്ചസ്റ്ററിലേക്കുള്ള തിരിച്ചുവരവിനും ഈ മത്സരം സാക്ഷിയാകും. അതെ സമയം പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ആഴ്‌സണലിന് എതിരാളികൾ പോർച്ചുഗൽ വമ്പന്മാരായ ബെനെഫിക്കയാണ്. ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് ആഴ്‌സണൽ യൂറോപ്പ നോക്ഔട്ട് ഉറപ്പിച്ചത്.
ജോസെ മൗറിനോയുടെ ടോട്ടൻഹാമിന്റെ എതിരാളികൾ ഓസ്ട്രിയൻ ടീമായ വോൾഫ്സ്ബർഗർ ആണ്. മറ്റൊരു പ്രീമിയർ ലീഗ് ടീമായ ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ സ്ലാവിയ പ്രാഗ് ആണ്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തുപോയ അയാക്സിന് ഫ്രഞ്ച് ടീമായ ലില്ലേയാണ് എതിരാളികൾ.