യൂറോപ്പ ലീഗിൽ നിന്ന് ആഴ്‌സണൽ പുറത്ത്. ഒളിമ്പിയാക്കോസിനോട് അവേ ഗോൾ പ്രകാരം ആണ് ആഴ്‌സണലിന്റെ പുറത്ത് പോക്ക്. ആദ്യ പാദത്തിൽ 1 ഗോൾ ജയവുമായി സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങിയ ആഴ്‌സണലിനെ അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 2-1 നു തോൽപ്പിച്ചാണ് ഗ്രീക്ക് ടീം പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. വളരെ ശക്തമായ ടീമുമായി ആണ് ആഴ്‌സണൽ കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ തുടക്കം മുതലെ സ്വാഭാവിക താളം ആഴ്‌സണലിന് കണ്ടത്താൻ ആവാതിരുന്നപ്പോൾ ഗ്രീക്ക് ടീം പതുക്കെ കളി കയ്യിലെടുത്തു. ആദ്യ പകുതിയിൽ ലാക്കസെറ്റ ആഴ്‌സണളിനായി വല കുലുക്കി എങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിക്കുന്ന ഗ്രീക്ക് ടീമിനെ ആണ് കണ്ടത്. ഇതിന്റെ ഫലം ആയി 53 മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് പെപ്പെ സീസെ അവർക്ക് മത്സരത്തിൽ ലീഡ് നൽകി. വാൽബേനയുടെ കോർണർ പ്രതിരോധിക്കുന്നതിൽ ആഴ്‌സണൽ പ്രതിരോധം പൂർണ്ണമായും പരാജയപ്പെടുക ആയിരുന്നു. തുടർന്ന് കളി പുരോഗമിക്കും തോറും പ്രതിരോധം ശക്തമാക്കിയ ഗ്രീക്ക് ടീം ഏതാണ്ട് എല്ലാവരെയും ഉപയോഗിച്ച് ആഴ്‌സണലിനെ തടഞ്ഞു. അതിന്റെ ഇടയിൽ ലഭിച്ച ഒരു സുവർണാവസരം ലാക്കസെറ്റ നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്ന് മത്സരം അധികാസമയത്തിലേക്ക് നീണ്ടു. ഇടക്ക് പരിക്കേറ്റ മുസ്താഫിക്ക് പകരം സോക്രട്ടീസിനെ കളത്തിൽ ഇറക്കാനും ആഴ്‌സണൽ നിർബന്ധിതമായി. അധികസമയത്ത് മത്സരത്തിൽ പൂർണ ആധിപത്യം ആഴ്‌സണൽ നേടി എങ്കിലും ഗ്രീക്ക് ടീം കോട്ട കെട്ടി പ്രതിരോധം തീർത്തു.
ഇതിനിടയിൽ ഗ്രീക്ക് ടീമിന്റെ ഒരു ശ്രമം ആഴ്‌സണൽ ബാറിൽ തട്ടിയും മടങ്ങി. മാർട്ടിനെല്ലി എത്തിയതോടെ കൂടുതൽ ഉണർന്നു കളിച്ചു ആഴ്‌സണൽ. ഇതിന്റെ ഫലം ആയി 113 മിനിറ്റിൽ ഒരു അതുഗ്രം ഓവർ ഹെഡ് കിക്കിലൂടെ ആഴ്‌സണലിനെ മത്സരത്തിൽ ഒപ്പമെത്തിച്ച ഒബമയാങ് ഇരുപാദങ്ങളിൽ ആയി ആഴ്‌സണലിനെ മുന്നിൽ എത്തിച്ചു. ഈ ഗോളിലൂടെ ഏതാണ്ട് ജയം ഉറപ്പിച്ച ആഴ്‌സണൽ ആരാധകർ ആഘോഷം തുടങ്ങി. എന്നാൽ 119 മിനിറ്റിൽ ഒരു അനാവശ്യ കോർണർ വഴങ്ങിയ ആഴ്‌സണൽ ഗോൾ കീപ്പർ ലെനോ അവരുടെ കുഴി തോണ്ടി. കോർണറിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ഗ്രീക്ക് ടീം അവരുടെ മൊറോക്കൻ ഗോൾ അടിയന്ത്രമായ യൂസഫ് അൽ അറബിയിലൂടെ മത്സരത്തിൽ വീണ്ടും മുന്നിൽ. എന്നാൽ കളിയുടെ അവസാന സെക്കന്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ടീമിന്റെ എപ്പോഴത്തെയും രക്ഷകൻ ആയ ഒബമയാങ് നഷ്ടപ്പെടുത്തിയതോടെ ആഴ്‌സണൽ പരാജയം സമ്മതിച്ചു. 4 വർഷം മുമ്പ് ചാമ്പ്യൻസ് ലീഗിലും ആഴ്‌സണലിനെ വീഴ്ത്തിയ ഗ്രീക്ക് ടീം ഒരിക്കൽ കൂടി ലണ്ടനിൽ ജയം ആഘോഷിച്ചു യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. നിരാശയുടെ പടുകുഴിയിൽ വീണ മൈക്കിൾ ആർട്ടറ്റെയുടെ ആഴ്‌സണലിന്റെ 2020 തിലെ ആദ്യ തോൽവി ആയിരുന്നു ഇത്.