യൂറോപ്പ സെവിയ്യക്ക് അല്ലാതെ പിന്നെ ആർക്ക്!! ഇന്ററിനെ വീഴ്ത്തി യൂറോപ്പയുടെ ആറാം തമ്പുരാൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതാവണമെടാ ഫൈനൽ എന്ന് ഏത് ഫുട്ബോൾ ആരാധകനും പറഞ്ഞു പോകുന്ന ഫൈനലാണ് ഇന്ന് യൂറോപ്പ ലീഗിൽ കണ്ടത്. യൂറോപ്പ ലീഗിനെ പലരും രണ്ടാം തരമായി കാണാറുണ്ട് എങ്കിലും ഇന്ന് കണ്ടത് ഒന്നാന്തരം ഫൈനൽ തന്നെ. ഗംഭീര പോരാട്ടം കണ്ട മത്സരത്തിൽ 3-2ന്റെ വിജയവുമായി ലൊപെറ്റെഗിയുടെ സെവിയ്യ യൂറോപ്പ കിരീടത്തിൽ മുത്തമിട്ടു.

മത്സരത്തിന്റെ ആദ്യ 12 മിനുട്ടിൽ തന്നെ രണ്ട് ഗോളുകൾ പിറന്നിരുന്നു. അഞ്ചാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ലുകാകു വഴി ഇന്റർ മിലാനാണ് ആദ്യ ഗോൾ നേടിയത്. ലുകാകുവിന്റെ ഒറ്റയ്ക്കുള്ള കുതിപ്പ് തടയാൻ നോക്കിയ ഡിയാഗോ കാർലോസിന് ടാക്കിൾ പിഴച്ചത് പെനാൾട്ടിയിൽ എത്തിച്ചു. അനായാസമാണ് ലുകാകു പന്ത് വലയിൽ എത്തിച്ചത്.

പക്ഷെ സെമി ഫൈനലിൽ എന്ന പോലെ ഒരു ഗോളിന് പിറകിൽ പോയത് ഒന്നും സെവിയ്യയെ സമ്മർദത്തിൽ ആക്കിയില്ല. ഏഴു മിനുട്ടിനകം അവർ സമനില പിടിച്ചു. സെമി ഫൈനലിലെ ഹീറോ ആയ സ്ട്രൈക്കർ ഡിയോങ്ങിന്റെ വകയായിരുന്നു സമനില ഗോൾ. പിന്നീടും രണ്ട് ടീമുകളും ആക്രമണം തുടർന്നു. 33ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് മുതലെടുത്ത് സെവിയ്യ 2-1ന് മുന്നിൽ എത്തി. എവർ ബനേഗ എടുത്ത ഫ്രീകിക്ക് ഒരു ഗംഭീര ഹെഡറിലൂടെ ഡിയോങ്ങ് വലയിൽ എത്തിച്ചു. ഡിയോങ്ങിന്റെയും സെവിയ്യയുടെയും രണ്ടാം ഗോൾ.

പക്ഷെ ആ ഗോളിന് ഇന്ററിന്റെ മറുപടി ഉടൻ തന്നെ വന്നു. 36ആം മിനുട്ടിൽ എതിരെ പെനാട്റ്റി ബോക്സിന് അടുത്ത് വെച്ച് സമാനമായ ഒരു ഫ്രീകിക്ക്. കിക്ക് എടുത്തത് ബ്രോസോവിച്, ഹെഡ് ചെയ്ത് പന്ത് വലയിൽ എത്തിച്ച് സമനില നേടിക്കൊടുത്തത് ഇന്റർ സെന്റർ ബാക്ക് ഗോഡിനും. ആദ്യ പകുതിയിൽ മത്സരം 2-2 എന്ന നിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയിൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചത്. മികച്ച അവസരം ആദ്യം ലഭിച്ചത് ഇന്റർ മിലാനായിരുന്നു. 63ആം മിനുട്ടിൽ ലുകാകുവും സെവിയ്യ കീപ്പർ ബോണോയും നേർക്കുനേർ വന്നെങ്കിലും ബോണോയുടെ മികവ് സ്കോർ 2-2 എന്ന് തന്നെ ആക്കി നിലനിർത്തി. എന്നാൽ 74ആം മിനുട്ടിൽ സെവിയ്യക്ക് കിട്ടിയ മറ്റൊരു ഫ്രീകിക്ക് കളി സെവിയ്യയുടെ വരുതിയിലാക്കി. ഒരു അവിസ്മരണീയമായ ബൈസൈക്കിൾ കിക്കിലൂടെ സെന്റർ ബാക്ക് ഡിയേഗോ കാർലോസ് സെവിയ്യയെ 3-2ന് മുന്നിൽ എത്തിച്ചു. കാർലോസിന്റെ വലിയ ശ്രമം ഗോളിലേക്ക് പോകാൻ ഇന്റർ സ്ട്രൈക്കർ ലുകുകാവിന്റെ ചെറിയ സഹായവും വേണ്ടി വന്നു.

ഈ ഗോൾ മത്സരത്തിന്റെ നിയന്ത്രണം സെവിയ്യക്ക് നൽകി. ഫുൾടൈം വിസിൽ വരുന്നത് വരെ അച്ചടക്കത്തോടെ കളിച്ച് വിജയവും കിരീടവും ഉറപ്പിക്കാൻ സെവിയ്യക്കായി. സെവിയ്യയുടെ ആറാം യൂറോപ്പ ലീഗ് കിരീടമാണിത്. ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് കിരീടം നേടിയ ടീമും സെവിയ്യ തന്നെ. ഇന്റർ മിലാന്റെ ഒരു കിരീടത്തിനായുള്ള ഒമ്പത് വർഷമായുള്ള കാത്തിരിപ്പ് തുടരും എന്നും ഈ സെവിയ്യ വിജയം ഉറപ്പിച്ചു.