യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് സ്പെയിനിൽ നടന്ന മത്സരത്തിൽ ഗ്രാനഡയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അത്ര ആവേശകരമല്ലായിരുന്ന മത്സരത്തിൽ ആദ്യ പകുതിയിലെ ഏക അവസരത്തിൽ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു.
31ആം മിനുട്ടിൽ ലിൻഡെലോഫിന്റെ ഒരു ലോംഗ് പാസ് സ്വീകരിച്ചു കൊണ്ട് മാർക്കസ് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. റാഷ്ഫോർഡ് മനോഹരമായ ടച്ചിലൂടെ ആയിരുന്നു ആ പന്ത് തന്റെ നിയന്ത്രണത്തിൽ ആക്കിയത്. ആദ്യ പകുതിയിൽ തന്നെ മറുവശത്ത് ഗ്രനാഡയുടെ ഒരു ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. രണ്ടാം പകുതിയിലും ഇരു ടീമുകളും കാര്യമായ അവസരം സൃഷ്ടിച്ചില്ല. 85ആം മിനുട്ടിൽ ബ്രൂണോയുടെ ഒരു അവസരം ഗ്രനഡ ഗോൾ കീപ്പർ സമർത്ഥമായി രക്ഷപ്പെടുത്തി.
ഇഞ്ച്വറി ടൈമിൽ ലഭിച്ച ഒരു പെനാൾട്ടിയിൽ നിന്ന് ബ്രൂണൊ ഫെർണാണ്ടസ് ആണ് യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കിയത്. ഇന്നത്തെ വിജവും ഒപ്പം എവേ ഗോൾ നേടിയതും യുണൈറ്റഡിന് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകും.