നിലവിലെ യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗല്ലിന് എതിരെ ഒരേ ക്വാർട്ടറിൽ ജയം കണ്ടിട്ടും ബെൽജിയം ആരാധകർക്ക് ആശങ്ക പകർന്നു സൂപ്പർ താരം കെവിൻ ഡി ബ്രുയിനക്ക് പരിക്ക്. ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് എതിരായ ഫൈനലിൽ പരിക്കേറ്റു പുറത്ത് പോയ ഡി ബ്രുയിനക്ക് പകരക്കാരൻ ആയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനു ആയി ഇറങ്ങിയത്. ഡെന്മാർക്കിന് എതിരെ പകരക്കാരൻ ആയി ഇറങ്ങി നിർണായക ഗോളും അസിസ്റ്റും നേടിയ ഡി ബ്രുയിന താൻ ടീമിന് എത്രത്തോളം പ്രധാനം ആണ് എന്നും തെളിയിച്ചു. തുടർന്ന് ഫിൻലാന്റിന് എതിരെയും താരം ഗോൾ അവസരം ഒരുക്കി. പോർച്ചുഗല്ലിന് എതിരെ ആദ്യ പതിനൊന്നിൽ റോബർട്ടോ മാർട്ടിനസ് തന്റെ ഏറ്റവും പ്രധാനപ്പെട്ട താരത്തിന് അവസരം നൽകുക ആയിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ പരിക്കേൽക്കുന്ന ഡി ബ്രുയിനയെ ആണ് കാണാൻ ആയത്. പോർച്ചുഗീസ് താരത്തിന്റെ ചലഞ്ചിനു ശേഷം ആയിരുന്നു താരത്തിന് പരിക്കേറ്റത്. വെറും 48 മിനിറ്റ് ആണ് ഡി ബ്രുയിനക്ക് പോർച്ചുഗല്ലിന് എതിരെ കളിച്ചത്. ഒറ്റ നോട്ടത്തിൽ ആശങ്ക ഉണ്ടാക്കുന്ന പരിക്ക് ആണ് ഡി ബ്രുയിനക്ക് എന്നു വ്യക്തമാണ്. ഇതോടെ ക്വാർട്ടറിൽ ഇറ്റലിക്ക് എതിരെ ഡി ബ്രുയിന കളിക്കുമോ എന്ന കാര്യം സംശയത്തിലായി. മത്സരത്തിലെ അവസാന നിമിഷങ്ങളിൽ ബെൽജിയം ക്യാപ്റ്റനും മറ്റൊരു സൂപ്പർ താരവും ആയ ഏദൻ ഹസാർഡും പരിക്ക് മൂലം കളം വിട്ടു. 87 മത്തെ മിനിറ്റിൽ ആണ് ഹസാർഡ് സ്വന്തം ആവശ്യപ്രകാരം പിൻവലിക്കപ്പെട്ടത്. എന്നാൽ ഹസാർഡിന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് സൂചനകൾ. ക്വാർട്ടറിൽ ഇറ്റലിക്ക് എതിരെ തങ്ങളുടെ സൂപ്പർ താരങ്ങൾ കളിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് ബെൽജിയം ആരാധകർ.