യൂറോ ക്വാർട്ടർ ഫൈനലിൽ തീ പാറും പോരാട്ടം. ടൂർണമെന്റിൽ ഇത് വരെ മികച്ച ഫുട്‌ബോൾ കളിക്കുന്ന മികച്ച ഫോമിലുള്ള ഇറ്റലിയും ബെൽജിയവും നേർക്കുനേർ വരുമ്പോൾ അത് വമ്പൻ പോരാട്ടം ആവും എന്നുറപ്പാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആധികാരികമായി മൂന്നു കളികളും ജയിച്ച് 8 ഗോളുകൾ അടിച്ചു ഒരു ഗോൾ വഴങ്ങാതെ വന്ന ഇറ്റലിക്ക് പക്ഷെ കടുത്ത വെല്ലുവിളി ആണ് ഓസ്ട്രിയ നൽകിയത്. എങ്കിലും അധിക സമയത്ത് മത്സരം 2-1 നു ജയിച്ചു ഇറ്റലി ക്വാർട്ടറിലേക്ക് മുന്നേറുക ആയിരുന്നു. അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ 7 ഗോളുകൾ അടിച്ചു ഒരു ഗോൾ വഴങ്ങി മൂന്നു കളിയും ജയിച്ചു വന്ന ബെൽജിയം യൂറോ കപ്പ് ജേതാക്കൾ ആയ പോർച്ചുഗല്ലിനെ കടുത്ത പോരാട്ടത്തിൽ 1-0 നു മറികടന്നാണ് ക്വാർട്ടറിൽ എത്തിയത്. 1968 നു ശേഷം ആദ്യ യൂറോ കപ്പ് മാഞ്ചിനിക്ക് കീഴിൽ ലക്ഷ്യം വക്കുന്ന ഇറ്റലിക്ക് മികച്ച നിര തന്നെയാണ് ഉള്ളത്. അതേസമയം തങ്ങളുടെ സുവർണ തലമുറ ആദ്യമായി ഒരു പ്രധാന ട്രോഫി നാട്ടിലെത്തിക്കും എന്ന പ്രതീക്ഷയാണ് ബെൽജിയം ആരാധകർക്ക്. റോബർട്ടോ മാർട്ടിനസിന്റെ ബെൽജിയം ആരെയും കൊതിപ്പിക്കുന്ന ടീമും ആണ്. കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനം മെച്ചപ്പെടുത്തുക ആവും ബെൽജിയം ശ്രമം. ജൂലൈ മൂന്നിന് ഇന്ത്യൻ സമയം രാത്രി 12.30 നു മ്യൂണിക്കിലെ അലിയാൻസ് അറീനയിൽ ആണ് ബെൽജിയം, ഇറ്റലി പോരാട്ടം.
പലരും അത്രയൊന്നും പ്രതീക്ഷിക്കാത്ത രണ്ടു ടീമുകൾ ആയ ഡെന്മാർക്കും ചെ റിപ്പബ്ലിക്കും ക്വാർട്ടർ ഫൈനലിൽ നേർക്കുനേർ വരുമ്പോൾ അത് മികച്ച പോരാട്ടം ആവും എന്നുറപ്പാണ്. ക്രിസ്റ്റ്യൻ എറിക്‌സൻ കണ്ണീർ ആയ ശേഷം രണ്ടു മത്സരങ്ങൾ തോൽവി വഴങ്ങിയ ശേഷം അവിശ്വസനീയ പോരാട്ടം നടത്തിയ ഡെന്മാർക്ക് വെയിൽസിനെ തകർത്താണ് ക്വാർട്ടറിൽ എത്തിയത്. ഇതിനകം തന്നെ എല്ലാവരുടെയും രണ്ടാമത്തെ ടീം ആയും ഡെന്മാർക്ക് മാറി. അതേസമയം മികച്ച മൂന്നാം സ്ഥാനക്കാർ പ്രീ ക്വാർട്ടറിൽ എത്തിയ ചെക് റിപ്പബ്ലിക് കരുത്തരായ ഹോളണ്ടിനെ വീഴ്‌ത്തിയാണ് ക്വാർട്ടറിൽ എത്തിയത്. 1992 ൽ എല്ലാവരെയും ഞെട്ടിച്ച് ജർമനിയെ തോൽപ്പിച്ചു യൂറോ കപ്പ് ഉയർത്തിയ ഡെന്മാർക്ക് അതിനു ശേഷം ആദ്യ സെമിഫൈനൽ ആണ് ലക്ഷ്യം വക്കുന്നത്. ചെക്യോസ്ലാവിയ ആയി യൂറോ നേടിയ ചെക് റിപ്പബ്ലിക് 2004 ൽ നെദ്വദിന്റെ നേതൃത്വത്തിൽ നടത്തിയ കുതിപ്പ് ആവർത്തിക്കാൻ ആവും ഇത്തവണ ശ്രമിക്കുക. അത്തവണ സെമിയിൽ അധിക സമയത്ത് ജേതാക്കൾ ആയ ഗ്രീസിനോട് 1-0 നു ആയിരുന്നു ചെക് റിപ്പബ്ലിക് തോറ്റത്. ഇത്തവണ സെമിയിൽ എത്താൻ മികച്ച അവസരം ആണ് ഇരു ടീമുകൾക്കും. പലപ്പോഴും ഒരുപാട് തവണ പരസ്പരം ഏറ്റുമുട്ടിയ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം മികച്ചത് തന്നെയാവും. ജൂലൈ മൂന്നിന് ഇന്ത്യൻ സമയം 9.30 നു ബാക്കുവിൽ ആണ് ഈ പോരാട്ടം നടക്കുക.