യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്നു കളികളിലും ആധികാരിക ജയവും ആയി ബെൽജിയം ഗ്രൂപ്പ് ജേതാക്കൾ ആയി. ഫിൻലന്റിനു എതിരെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബെൽജിയം ജയം കണ്ടത്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് ആയി പ്രതിരോധിച്ചു നിന്ന ഫിൻലന്റ് 74 മത്തെ മിനിറ്റ് വരെ ബെൽജിയം മുന്നേറ്റത്തിന് മുന്നിൽ പിടിച്ചു നിന്നു. വ്യക്തമായ ആധിപത്യം ബോൾ കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ബെൽജിയം കാണിച്ചു എങ്കിലും 74 മത്തെ മിനിറ്റിൽ ലൂക്കാസിന്റെ സെൽഫ് ഗോൾ വേണ്ടി വന്നു അവർക്ക് മുന്നിൽ എത്താൻ. അതിനു തൊട്ടു മുമ്പ് ഡി ബ്രൂയിന്റെ പാസിൽ ലുക്കാക്കു ഗോൾ കണ്ടതിയെങ്കിലും വാർ ഓഫ് സൈഡ് വിളിച്ചിരുന്നു.
എന്നാൽ ഏഴു മിനിറ്റിനുള്ളിൽ ഒരിക്കൽ കൂടി കെവിൻ ഡി ബ്രൂയിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ റോമലു ലുക്കാക്കു ബെൽജിയം ജയം ഉറപ്പിച്ചു. ടൂർണമെന്റിലെ മൂന്നാം ഗോൾ ആണ് ഇന്റർ മിലാൻ താരത്തിന് ഇത്. ഇതോടെ ഗ്രൂപ്പിൽ റഷ്യക്ക് മേൽ വലിയ ജയം നേടിയ ഡെൻമാർക്കിന് പിറകിൽ മൂന്നാം സ്ഥാനത്തേക്ക് ഫിൻലന്റ് പിന്തള്ളപ്പെട്ടു. നിലവിൽ 3 പോയിന്റുകളും നെഗറ്റീവ് 2 ഗോൾ വ്യത്യാസവുമുള്ള ഫിൻലന്റ് മികച്ച മൂന്നാം സ്ഥാനക്കാർ ആയി അടുത്ത റൗണ്ടിൽ എത്തണം എങ്കിൽ ഇതോടെ അത്ഭുതം തന്നെ സംഭവിക്കണം. നിലവിൽ ഉക്രൈൻ, ഫിൻലന്റ് ടീമുകൾക്ക് മൂന്നു പോയിന്റ് മാത്രം ആയി മൂന്നാമത് ആയതിനാൽ നാലു പോയിന്റുകളും ആയി ഗ്രൂപ്പ് എയിൽ ഉള്ള സ്വിസർലാന്റ് അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു.