എർലിങ് ഹാളണ്ട് എന്നാൽ ഗോളുകൾ ആണ്. അത് പ്രീമിയർ ലീഗ് എന്നോ ചാമ്പ്യൻസ് ലീഗ് എന്നോ വ്യത്യാസമില്ല. പ്രീമിയർ ലീഗിൽ ഇതിനകം തന്നെ 10 ഗോളുകൾ അടിച്ചു കൂട്ടിയ ഹാളണ്ട് ഇന്ന് ചാമ്പ്യൻസ് ലീഗിലും തന്റെ ഗോൾ വേട്ട തുടങ്ങി. ഇന്ന് സ്പെയിനിൽ ചെന്ന് സെവിയ്യയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത 4 ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.
എവേ മത്സരം ആയിട്ടും സിറ്റിയുടെ ആധിപത്യം ആണ് ഇന്ന് കണ്ടത്. ഇരുപതാം മിനുട്ടിൽ ആയിരുന്നു അവർ ലീഡെടുത്ത ഗോൾ വന്നത്. വലതു ഭാഗത്ത് ഫിൽ ഫോഡൻ തുടങ്ങിയ നീക്കം ഡി ബ്രുയിനിലേക്ക് എത്തി. ഡിബ്രുയിൻ നൽകിയ ക്രോസ് പുതിയ പതിവു പോലെ ഫാർ പോസ്റ്റി ഓടിയെത്തിയ ഹാളണ്ട് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ രണ്ടാം ഗോളും നേടി. 58ആം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ വെച്ച് കാൻസെലോ നൽകിയ പന്ത് സ്വീകരിച്ച് സെവിയ്യ ഡിഫൻസുകൾക്ക് ഇടയിലൂടെ താളം പിടിച്ച് സമാധാനത്തിൽ പന്ത് വലയിൽ എത്തിക്കാൻ ഫോഡനായി. സ്കോർ 2-0
ഇതിനു ശേഷം ഹാളണ്ടിന്റെ രണ്ടാം ഗോൾ വന്നു. ഫോഡന്റെ ഒരു ഷോട്ട് ഗോളി തടഞ്ഞിട്ടത് ഹാളണ്ടിന്റെ വഴിയിലേക്ക് ആയിരുന്നു. അദ്ദേഹം അനായാസം സിറ്റിയുടെ ലീഡ് മൂന്ന് ആക്കി ഉയർത്തി. അവസാനം റൂബൻ ഡയസും ഗോൾ നേടിയതോടെ സിറ്റിയുടെ വിജയം പൂർത്തിയാവുകയും ചെയ്തു.