ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസൺ ഫിക്സ്ചർ പുറത്ത് വന്നു. ചെൽസിയുടെ സ്റ്റാൻഫ്രോഡ് ബ്രിഡ്ജിലെ ചെൽസി മാഞ്ചസ്റ്റർ സിറ്റി വമ്പൻ പോരാട്ടം ആണ് ആദ്യ ആഴ്ചയിലെ വമ്പൻ പോരാട്ടം. ആഗസ്റ്റ് 18 ഞായറാഴ്ച ഇന്ത്യൻ സമയം 9 നു ആണ് ഈ വമ്പൻ പോരാട്ടം. ചെൽസിയുടെ പുതിയ പരിശീലകനു കീഴിൽ വമ്പൻ പരീക്ഷണം തന്നെയാണ് അവർക്ക് ഇത്. തന്റെ മുൻ ശിഷ്യൻ എൻസോ മരെസ്കക്ക് എതിരെ ഗാർഡിയോള വിയർക്കുമോ എന്നു കണ്ടറിയാം. ആഗസ്റ്റ് 17 നു അർദ്ധരാത്രി 12.30 നു ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാം മത്സരത്തോടെയാണ് പ്രീമിയർ ലീഗ് പുതിയ സീസണിന് തുടക്കമാവുക.
ശനിയാഴ്ച ആർനെ സ്ലോട്ടിനു കീഴിൽ ലിവർപൂൾ പുതുതായി സ്ഥാനക്കയറ്റം നേടി വരുന്ന ഇപ്സ്വിച് ടൗണിനെ നേരിടുമ്പോൾ ആഴ്‌സണൽ വോൾവ്സിനെ നേരിടും. എവർട്ടൺ ബ്രൈറ്റൺ മത്സരവും നോട്ടിങ്ഹാം ഫോറസ്റ്റ് ബോർൺമൗത്ത് മത്സരവും വെസ്റ്റ് ഹാം ആസ്റ്റൺ വില്ല മത്സരവും ശനിയാഴ്ചയാണ്. അതേസമയം സ്ഥാനക്കയറ്റം നേടിവരുന്ന സൗതാപ്റ്റൺ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ആഗസ്റ്റ് 17 ശനിയാഴ്ച തന്നെ നേരിടും. ചെൽസി, മാഞ്ചസ്റ്റർ സിറ്റി മത്സരത്തിന് പുറമെ ബ്രന്റ്ഫോർഡ്, ക്രിസ്റ്റൽ പാലസ് മത്സരവും ഞായറാഴ്ച ആണ്. അതേസമയം ഈ സീസണിൽ സ്ഥാനക്കയറ്റം കയറിവരുന്ന മുൻ ചാമ്പ്യൻമാർ ആയ ലെസ്റ്റർ സിറ്റി തിങ്കളാഴ്ച രാത്രി സ്വന്തം മൈതാനത്ത് ടോട്ടനം ഹോട്സ്പറിനെ നേരിടും.
വളരെ കടുപ്പമുള്ള തുടക്കമാണ് ആഴ്‌സണലിന് പ്രീമിയർ ലീഗിൽ, അതേസമയം മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ലിവർപൂൾ, ചെൽസി, വില്ല ടീമുകൾക്കും മികച്ച ടീമുകളെ ആദ്യ ആഴ്ചകളിൽ തന്നെ നേരിടണം. നിലവിൽ അവസാന ആഴ്ചകളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കടുപ്പമുള്ള എതിരാളികൾ കുറവ് ആണ് എന്നതും ശ്രദ്ധേയമാണ്. പ്രീമിയർ ലീഗ് അവസാന ആഴ്ച 2025 മെയ് 25 നു മാഞ്ചസ്റ്റർ സിറ്റിക്ക് ഫുൾഹാമും, ആഴ്‌സണലിന് സൗതാപ്റ്റണും, ലിവർപൂളിനു ക്രിസ്റ്റൽ പാലസും ആണ് എതിരാളികൾ. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആസ്റ്റൺ വില്ലയും, ചെൽസിക്ക് നോട്ടിങ്ഹാം ഫോറസ്റ്റും, ടോട്ടനം ഹോട്സ്പറിന് ബ്രൈറ്റണും ആണ് എതിരാളികൾ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം തുടരുമോ അല്ല വേറെ ചാമ്പ്യൻ ഉണ്ടാവുമോ എന്നു കണ്ടറിയാം.