അണ്ടർ 21 യൂറോ കപ്പ് കിരീടം ഇംഗ്ലണ്ടിന്. ഫൈനലിൽ സ്പെയിനിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് ഇംഗ്ലണ്ട് കിരീടം ഉയർത്തിയത്. ഇംഗ്ലണ്ട് ആധിപത്യം ആണ് മത്സരത്തിൽ ആദ്യം കണ്ടത്. തുടക്കത്തിൽ ലഭിച്ച അവസരം മോർഗൻ ഗിബ്സ് വൈറ്റിന് മുതലാക്കാൻ ആവാതിരുന്നപ്പോൾ ലെവി കോൾവിലിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് കോൾ പാൽമറിന്റെ ഫ്രീകിക്ക് കർട്ടിസ് ജോൺസിന്റെ ദേഹത്ത് തട്ടി സ്പാനിഷ് വലയിൽ പതിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിൽ മുൻതൂക്കം നേടി.
തുടർന്ന് മത്സരത്തിൽ കയ്യേറ്റം ഉണ്ടായപ്പോൾ ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് ആഷ്‌ലി കോൾ, സ്പാനിഷ് അസിസ്റ്റന്റ് കോച്ച് എന്നിവർക്ക് ചുവപ്പ് കാർഡ് കണ്ടു. ഏബൽ റൂയിസ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ആയി. തുടർന്നും സ്പാനിഷ് ആക്രമണം ആണ് മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് റൂയിസിനെ കോൾവിൽ വീഴ്ത്തിയതോടെ സ്പെയിനിന് പെനാൽട്ടി ലഭിച്ചു. എന്നാൽ 98 മത്തെ മിനിറ്റിൽ റൂയിസിന്റെ പെനാൽട്ടി ഇംഗ്ലീഷ് ഗോൾ കീപ്പർ ജെയിംസ് ട്രാഫോർഡ് രക്ഷിച്ചു.
തുടർന്ന് വന്ന ആയിമർ ഓറോസിന്റെ റീ ബോണ്ടും ട്രാഫോർഡ് രക്ഷിച്ചു ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചു. ടൂർണമെന്റിൽ കളിച്ച 6 കളികളിൽ ഒന്നിലും ട്രാഫോർഡ് ഗോൾ വഴങ്ങിയില്ല. മാഞ്ചസ്റ്റർ സിറ്റി അക്കാദമിതാരം ആയ 20 കാരനായ ട്രാഫോർഡിന് ആയി സീസണിൽ 19 മില്യൺ പൗണ്ട് ബേർൺലി എന്തിനു മുടക്കി എന്നതിനുള്ള ഉത്തരം ആയി ഈ പ്രകടനം. അവസാന നിമിഷം കയേറ്റത്തിനു മുതിർന്ന ഇംഗ്ലണ്ടിന്റെ മോർഗൻ ഗിബ്സ് വൈറ്റും സ്‌പെയിനിന്റെ അന്റോണിയോ ബ്ലാങ്കോയും രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയി. 1984 നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടർ 21 യൂറോ കപ്പ് കിരീടം ഉയർത്തുന്നത്.