ഓവലിൽ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ 99 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട്. തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ഒലി പോപ്പിലൂടെയും ക്രിസ് വോക്‌സിലൂടെയും തിരിച്ചടിച്ച ഇംഗ്ലണ്ട് മികച്ച നിലയിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിക്കുക ആയിരുന്നു. ഓഗസ്റ്റ് 2020 തിനു ശേഷം തന്റെ ആദ്യ അർദ്ധ ശതകം നേടിയ പോപ്പ് 81 റൺസ് നേടിയപ്പോൾ വോക്‌സ് 60 പന്തിൽ 50 റൺസ് നേടി ഇംഗ്ലീഷ് ഇന്നിംഗ്സിന് വേഗത പകർന്നു. 37 റൺസ് ജോണി ബരിസ്റ്റോ, 35 റൺസ് നേടിയ മോയിൻ അലി എന്നിവരും ഇംഗ്ലണ്ടിന് ആയി തിളങ്ങി.
290 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യക്ക് ആയി ഉമേഷ് യാദവ് മൂന്നും, ബുമ്ര, ജഡേജ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി, സിറാജ് താക്കൂർ എന്നിവർ ഇന്ത്യക്ക് ആയി ഓരോ വിക്കറ്റ് വീതം നേടി. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 43 റൺസ് എന്ന നിലയിൽ രണ്ടാം ദിനം അവസാനിപ്പിച്ചു. നിലവിൽ രോഹിത് ശർമ 20 റൺസുമായും കെ.എൽ രാഹുൽ 22 റൺസുമായും ക്രീസിലുണ്ട്. നിലവിൽ ഇന്ത്യ ഇംഗ്ലണ്ടിനെക്കാൾ 56 റൺസ് പിറകിലാണ്.