ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് അമേരിക്ക. ഇന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും അമേരിക്കയും ഗോൾ രഹിത സമനിലയിൽ ആണ് പിരിഞ്ഞത്. വിരസമായ ഫുട്ബോൾ കളിച്ച ഇംഗ്ലണ്ടിന് അമേരിക്കൻ ഡിഫൻസിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോലും ഇന്ന് ആയില്ല.
ലോകകപ്പിൽ ഇന്ന് അമേരിക്കയും ഇംഗ്ലണ്ടും നേർക്കുനേർ വന്നപ്പോൾ ഇംഗ്ലണ്ട് അനായസമായി വിജയിക്കും എന്നായിരുന്നു പലരും കരുതിയത്. എന്നാൽ ഒരിക്കൽ കൂടെ ലോകകപ്പിൽ അമേരിക്കയെ തോൽപ്പിക്കാൻ ഇംഗ്ലണ്ടിന് ആയില്ല. മത്സരത്തിന്റെ തുടക്കം മുതൽ അമേരിക്ക നല്ല നീക്കങ് നടത്തുന്നത് ആണ് കാണാൻ ആയത്. മത്സരത്തിന്റെ തുടക്കത്തിൽ സാകയുടെ ഒരു പാസിൽ നിന്ന് ഹാരി കെയ്ന് ഒരു ഗോളവസരം ലഭിച്ചു. കെയ്നിന്റെ ഷോട്ട് അമേരിക്കൻ ഡിഫൻസ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഈ അവസരത്തിനു ശേഷം കളിച്ചതും അവസരങ്ങൾ ഉണ്ടാക്കിയതും അമേരിക്ക ആയിരുന്നു.
ആദ്യ പകുതിയിൽ അമേരിക്കൻ താരം പുലിസികിന്റെ ഇടം കാലൻ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാനം മേസൺ മൗണ്ടിന്റെ ഒരു ഷോട്ട് ടർണർ സേവ് ചെയ്യുന്നതും കാണാൻ ആയി.
രണ്ടാം പകുതിയിലും അമേരിക്ക ഇംഗ്ലണ്ടിന്റെ നീക്കങ്ങൾ എല്ലാം സമർത്ഥമായി തടഞ്ഞു. ഇ മെച്ചപ്പെടാത്തതോടെ ഇംഗ്ലണ്ട് റാഷ്ഫോർഡ്, ഗ്രീലിഷ്, ഹെൻഡേഴ്സ്ൺ എന്നിവരെ കളത്തിൽ എത്തിച്ചു. എന്നിട്ടും മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിന് 4 പോയിന്റും അമേരിക്കയ്ക്ക് 2 പോയിന്റും ആണ് ഉള്ളത്. ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരത്തിൽ വെയിൽസിനെയും അമേരിക്ക ഇറാനെയും നേരിടും.