ആയിരം ടെസ്റ്റുകൾ. നാളെ ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത് തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ് മത്സരമാണ്. ആദ്യമായി ഈ നേട്ടം കൈവരിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. രണ്ടാം സ്ഥാനത്ത് 812 ടെസ്റ്റുകൾ കളിച്ച ഓസ്‌ട്രേലിയയും, മൂന്നാമത് 535 ടെസ്റ്റുകൾ കളിച്ച വെസ്റ്റിൻഡീസുമാണ് ഉള്ളത്.
മൊത്തത്തിൽ നടക്കുന്ന 2314ആം ടെസ്റ്റ് കൂടിയാണ് നാളെ ആരംഭിക്കുന്ന ടെസ്റ്റ്. അതായത്, ഇതുവരെ നടന്ന 43% ടെസ്റ്റുകളിലും ഒരു വശത്ത് ഇംഗ്ലണ്ട് ആയിരുന്നു എന്നതാണ്. ആദ്യത്തെ 30 ടെസ്റ്റുകളും ഇംഗ്ലണ്ട് കളിച്ചത് ഓസ്‌ട്രേലിയയോടാണ്. ഇംഗ്ലണ്ട് ഇല്ലാത്ത ആദ്യത്തെ ടെസ്റ്റ് തന്നെ ചരിത്രത്തിലെ 75ആം ടെസ്റ്റാണ്.
999 ടെസ്റ്റുകളിൽ നിന്നായി 357 ജയവും, 345 സമനിലകളും, 297 തോൽവികളും. ജയപരാജയ അനുപാതം 1.2. ഇംഗ്ലണ്ടിനേക്കാൾ 187 ടെസ്റ്റുകൾ കുറച്ചു മാത്രം കളിച്ച ഓസ്‌ട്രേലിയയാണ് വിജയത്തിന്റെ എന്നതിൽ മുന്നിൽ. ജയപരാജയ അനുപാതത്തിലും അവരെക്കാൾ മുന്നിൽ നിൽക്കുന്ന ഏക ടീം ഓസ്ട്രേലിയ തന്നെയാണ്.
സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ട് 510 ടെസ്റ്റുകൾ കളിച്ചപ്പോൾ 213 ജയവും, 178 സമനിലകളും, 119 തോൽവികളും. ഇംഗ്ലണ്ടിന് പുറത്ത് 489 ടെസ്റ്റുകൾ കളിച്ചപ്പോൾ 144 ജയവും, 167 സമനിലകളും, 178 തോൽവികളും. ഇതുവരെ 686 ടെസ്റ്റ് കളിക്കാർ, ആദ്യ നമ്പർ ടോം ആർമിറ്റാജ്, അവസാനത്തെ ആൾ സാം കറാൻ. ഏറ്റവുമധികം മത്സരങ്ങൾ കളിച്ചത് അലിസ്‌റ്റയർ കുക്ക്.
856 സെഞ്ചുറികളും, 1754 അർദ്ധസെഞ്ചുറികളും ഉൾപ്പടെ 458993 റൺസാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ നേടിയിട്ടുള്ളത്. ഇതിലെല്ലാത്തിലും മുന്നിൽ തന്നെ. പുറകിൽ നിൽക്കുന്നത് ബാറ്റിംഗ് ശരാശരിയിൽ മാത്രം. ആറാം സ്ഥാനത്താണ് അവർ. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ അലിസ്‌റ്റയർ കുക്കും(12145), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സർ ലെൻ (ലിയോണാർഡ്) ഹട്ടൻ നേടിയ 364 റൺസുമാണ്.
ബൗളിങ്ങിലാണേൽ 10 ലക്ഷത്തിലധികം പന്തുകൾ എറിഞ്ഞ ഇംഗ്ലണ്ട് ബൗളർമാർ നേടിയിരിക്കുന്നത് 15227 വിക്കറ്റുകളാണ്. ഏറ്റവുമധികം വിക്കറ്റ് നേടിയത് ജെയിംസ് ആൻഡേഴ്‌സണാണ്, 540 വിക്കറ്റുകൾ. 53 റൺസ് വഴങ്ങി 10 വിക്കറ്റുകൾ വീഴ്ത്തിയ ജിം ലേക്കർക്കാണ് മികച്ച വ്യക്തിഗത നേട്ടം. ആ ടെസ്റ്റിൽ ജിം ലേക്കർ മൊത്തം 19 വിക്കറ്റ് നേടിയിരുന്നു. അത് രണ്ടും ഇന്നും റെക്കോർഡ് ആയി നിലനിൽക്കുന്നു.
ഈ ഒട്ടുമിക്ക റെക്കോര്ഡുകളിലും ഇംഗ്ലണ്ട് പെട്ടെന്നൊന്നും താഴെ പോവില്ല എന്ന് തന്നെ കരുതാം. കാരണം ഇപ്പോഴും ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിക്കുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. ഇനിയിപ്പോ അവർ ഒരു 5 വർഷം മാറി നിന്നാലും ഇതിൽ പലതും മറികടക്കാൻ ടീമുകൾ വിയർപ്പൊഴുക്കേണ്ടി വരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial